Join News @ Iritty Whats App Group

ഇരിട്ടി ടൗണിൽ അപകട ഭീഷണിയായി തകര്‍ന്ന വഴിവിളക്കുകള്‍

ഇരിട്ടി: തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി റോഡില്‍ ഇരിട്ടി ടൗണില്‍ സ്ഥാപിച്ച വഴിവിളക്കുകള്‍ വാഹനാപകടങ്ങളില്‍ തകര്‍ന്നുവീണ് മാസങ്ങള്‍ പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്താനോ തകര്‍ന്നവ റോഡില്‍നിന്ന് നീക്കംചെയ്യാനോ തയാറാകാത്തതിനെത്തുടര്‍ന്ന് വാഹനയാത്രക്കാര്‍ ദുരിതത്തിലായി.

സൗരോര്‍ജ വഴിവിളക്കുകളാണ് വാഹനാപകടത്തില്‍ തകര്‍ന്ന് അപകട ഭീഷണിയാകുന്നത്. ഇരിട്ടി പഴയ ബസ് സ്റ്റാന്‍ഡ് മുതല്‍ പാലംവരെ റോഡിന് മധ്യത്തിലായി ഡിവൈഡറുകളിലാണ് വഴിവിളക്കുകള്‍ സ്ഥാപിച്ചിരുന്നത്. നിയന്ത്രണംവിട്ടും മറ്റും പലതവണകളിലായുണ്ടായ വാഹനാപകടങ്ങളില്‍ ഇരിട്ടി ടൗണില്‍ മാത്രം പത്തോളം വിളക്കുകളാണ് തകര്‍ന്നത്. 

ഇരുമ്ബുതൂണില്‍ സ്ഥാപിച്ച സൗരോര്‍ജ പാനലും കൂറ്റന്‍ ബാറ്ററിയും ലൈറ്റും ഉള്‍പ്പെടെയാണ് തകര്‍ന്നുവീണത്. ബാറ്ററിയും പാനലും ഉള്‍പ്പെടെ റോഡിലും മറ്റും ചിതറിക്കിടക്കുകയാണ്. ചിലതാകട്ടെ ഇരുമ്ബുപൈപ്പ് നടുവെ ഒടിഞ്ഞ് റോഡിനോട് ചേര്‍ന്ന് ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലാണ്. 

ടൗണിലെ മറ്റ് വിളക്കുകളാകട്ടെ സ്ഥാപിച്ച്‌ ഒരുവര്‍ഷംതികയും മുമ്ബേ തുരുമ്ബെടുത്ത് തൂണുകളില്‍ ഒന്നരയാള്‍ പൊക്കത്തില്‍ സ്ഥാപിച്ച ബാറ്ററികള്‍ ഒന്നൊന്നായി അടര്‍ന്നുവീഴുകയാണ്. ബാറ്ററിയെ താങ്ങിനിര്‍ത്തുന്ന ഇരുമ്ബ് കാലുകളും പെട്ടികളും തുരുമ്ബെടുത്ത് അപകടഭീഷണിയുയര്‍ത്തുന്നു. 

തിനു സമീപത്തുകൂടി പോകുന്നവര്‍ക്ക് ഏറെ ഭാരമുള്ള ബാറ്ററികള്‍ തലയില്‍ വീണ് അപകടം സംഭവിക്കാവുന്ന സ്ഥിതിയാണ്. വാഹനമിടിച്ച്‌ തകര്‍ന്ന ലൈറ്റുകള്‍ നന്നാക്കുന്നതിനോ മാറ്റിസ്ഥാപിക്കുന്നതിനോ റോഡിലും മറ്റും ചിതറിക്കിടക്കുന്ന ബാറ്ററിയുള്‍പ്പെടെയുള്ളവ എടുത്തുമാറ്റുന്നതിനോ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. 

ഇതുകാരണം പ്രദേശം രാത്രികാലങ്ങളില്‍ കൂരിരുട്ടിലാണ്. തലശ്ശേരി മുതല്‍ വളവുപാറവരെ പാതയില്‍ ആകെ 947 ലൈറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്.

ഒരുവിളക്കിന് 95,000 രൂപ നിരക്കില്‍ 8.99 കോടി രൂപയാണ് ഇതിനായി വിനിയോഗിച്ചത്. പ്രധാന ടൗണുകളിലും കവലകളിലും 30 മീ. ഇടവിട്ടാണ് വിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പുതിയവ സ്ഥാപിച്ചില്ലെങ്കിലും അപകടാവസ്ഥയിലായവ ടൗണില്‍നിന്ന് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

أحدث أقدم
Join Our Whats App Group