Join News @ Iritty Whats App Group

200 വര്‍ഷം ഇന്ത്യയെ അടക്കി ഭരിച്ചു; ഇനി ബ്രിട്ടനെ ഭരിക്കാന്‍ ഇന്ത്യന്‍ വംശജന്‍; ഋഷി സുനക് പ്രധാനമന്ത്രി പദത്തിലേക്ക്



ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ മുഖ്യ എതിരാളിയായിരുന്ന പെന്നി മോര്‍ഡന്റ് പിന്‍മാറിയതോടെയാണ് ഋഷി സുനക് പ്രധാനമന്ത്രിയാകുമെന്ന് വ്യക്തമായത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ഉണ്ടാകും. 100 കണ്‍സര്‍വേറ്റീവ് എംപിമാരുടെ പിന്തുണ നേടാനാകാതെ മത്സരത്തില്‍നിന്നും മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പിന്മാറിയതോടെയാണ് ഋഷിക്ക് സാധ്യത വര്‍ദ്ധിച്ചത്.

ഇന്നലെ രാത്രിയാണ് ബോറിസ് മത്സരത്തില്‍നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ച് പ്രസ്താവനയിറക്കിയത്. 102 എംപിമാരുടെ പിന്തുണയുള്ള തനിക്ക് മത്സരിക്കാന്‍ സാധിക്കുമെങ്കിലും പാര്‍ട്ടിയില്‍ സമ്പൂര്‍ണ ഐക്യമില്ലാതെ മികച്ച ഭരണം സാധ്യമല്ലാത്തതിനാലാണ് പിന്മാറുന്നതെന്നാണ് ബോറിസ് വിശദീകരിച്ചത്. എന്നാല്‍ ഇന്നലെ രാത്രിവരെ കേവലം 57 എംപിമാരുടെ പിന്തുണ മാത്രമാണ് ബോറിസിന് ലഭിച്ചത്. ഇതോടെയാണ് പരാജയം മുന്നില്‍ കണ്ട് പിന്‍വാങ്ങിയത്.

357 കണ്‍സര്‍വേറ്റീവ് എംപിമാരില്‍ 147 പേര്‍ ഇതിനോടകം ഋഷിക്ക് പരസ്യ പിന്തുണപ്രഖ്യാപിച്ചിട്ടുണ്ട്. മത്സരരംഗത്ത് അവശേഷിക്കുന്ന ഹൗസ് ഓഫ് കോമണ്‍സ് അധ്യക്ഷ പെന്നി മോര്‍ഡന്റിന് ഇതുവരെ നേടാനായത് 24 എംപിമാരുടെ പിന്തുണ മാത്രമാണ്. അതോടെയാണ് അവര്‍ പിന്‍വലിഞ്ഞത്.

നൂറിലധികം എംപിമാരുടെ പിന്തുണുള്ള ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയാകുമെന്ന് ഇതോടെ ഉറപ്പായി. ജനാധിപത്യത്തിന്റെ ഈറ്റില്ലമായ ബ്രിട്ടനില്‍ ആദ്യമായി ഒരു ഏഷ്യക്കാരന്‍ അങ്ങനെ പ്രധാനമന്ത്രി പദത്തിലെത്തും. ഒരു വാല്‍നക്ഷത്രം പോലെ ബ്രിട്ടനിലെ രാഷ്ട്രീയത്തില്‍ ഉദിച്ചുയരുകയായിരുന്നു ഋഷി സുനക് എന്ന ഇന്ത്യന്‍ വംശജന്‍.

പഞ്ചാബിലാണ് ഋഷി സുനക്കിന്റെ കുടുംബ വേരുകള്‍. പഞ്ചാബില്‍ ജനിച്ച്, തുടക്കത്തില്‍ കിഴക്കന്‍ ആഫ്രിക്കയിലേക്കും അവിടെനിന്ന് ബ്രിട്ടനിലേക്കും കുടിയേറിയവരാണ് ഋഷിയുടെ പൂര്‍വികര്‍. ബ്രിട്ടനില്‍ സര്‍ക്കാര്‍ ജോലിക്കാരായിരുന്നു അവര്‍. ഋഷിയുടെ മാതാപിതാക്കള്‍ ഉഷയും യശ്വീരും ബ്രിട്ടനിലാണു ജനിച്ചത്. ഇവരുടെ മൂത്തമകനായി 1980 മേയ് 12നാണ് ജനനം.

ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ മരുമകന്‍ കൂടിയാണ് ഋഷി സുനക്. 42 കാരനായ ഋഷി സുനക് ഗോള്‍ഡ്മാന്‍ സാച്ചസില്‍ ആയിരുന്നു നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ധനമന്ത്രാലയത്തിന്റെ ചുമതലയില്‍ എത്തുന്ന പ്രായം കുറഞ്ഞവരില്‍ ഒരാള്‍ കൂടെയായിരുന്നു ഋഷി. 2015 ലാണ് അദ്ദേഹം പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

യുകെ ട്രഷറിയുടെ ചീഫ് സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ബിസിനസ്, ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജി തുടങ്ങിയ വിഭാഗത്തിന്റെ പാര്‍ലമെന്ററി പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ എത്തുന്നതിന് മുമ്പ് വന്‍കിട നിക്ഷേപക കമ്പനിയ്ക്ക് നേതൃത്വം നല്‍കുകയായിരുന്നു അദ്ദേഹം. ഒക്സ്ഫോര്‍ഡില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ് തുടങ്ങിയ വിഷയങ്ങളിലെ പഠനത്തിന് ശേഷം യുഎസിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും എംബിഎ നേടി.

2009ലാണ് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെയും സുധാമൂര്‍ത്തിയുടെയും മകള്‍ അക്ഷിത മൂര്‍ത്തിയെ വിവാഹം ചെയ്തത്. ഋഷിയ്ക്ക് രണ്ട് പെണ്‍മക്കളുണ്ട്. അനൗഷ്‌കയും കൃഷ്ണയും. യോര്‍ക്ക്ഷെയറിലെ റിച്ച്മണ്ടില്‍ നിന്ന് പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദേഹം രഷ്ട്രീയത്തിലേക്ക് പൂര്‍ണമായും ഇറങ്ങുന്നത്.
2020 ഫെബ്രുവരിയില്‍ കാബിനറ്റ് പോസ്റ്റായ എക്‌സ്ചിക്കറിന്റെ ചാന്‍സലറായി നിയമിച്ചു. കോവിഡ് മഹാമാരിയുടെ കാലത്ത് ബിസിനസിനും ജീവനക്കാര്‍ക്കും അനുവദിച്ച സാമ്പത്തിക പാക്കേജ് ഏറെ പ്രശംസിക്കപ്പെട്ടു. എന്നാല്‍, കുടുംബങ്ങള്‍ക്ക് മതിയായ ജീവിതച്ചെലവ് നല്‍കാത്തതിന് വിമര്‍ശിക്കപ്പെട്ടു. യു.കെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ലിസ് ട്രസിനെതിരെ മത്സരിച്ചെങ്കിലും അദേഹം പരാജയപ്പെട്ടിരുന്നു.

ഋഷി സുനക്കിനെ തോല്‍പ്പിച്ച് ലിസ് ട്രസ് പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയെങ്കിലും 45 ദിസങ്ങള്‍ മാത്രമാണ് ആ കസേരയില്‍ ഇരിക്കാന്‍ സാധിച്ചത്. യു.കെയിലെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ആദ്യത്തെ മുന്‍നിര രാഷ്ട്രീയക്കാരനാണ് ഋഷി. ഭാര്യ അക്ഷതാ മൂര്‍ത്തിക്കൊപ്പം ഋഷി സുനക്ക് 730 മില്യണ്‍ പൗണ്ടിന്റെ ആസ്തിയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ബന്ധം ഏകപക്ഷീയമായി മാറാതെ ഇരുഭാഗത്തേക്കും കൂടുതല്‍ സജീവമാക്കുകയാണു തന്റെ ലക്ഷ്യമെന്ന് ഇന്ത്യന്‍ വംശജനായ ഋഷി പറഞ്ഞിട്ടുണ്ട്. ബ്രിട്ടനില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും കമ്പനികള്‍ക്കും ഇന്ത്യയിലെത്താനും പഠിക്കാനും പ്രവര്‍ത്തിക്കാനും സംവിധാനങ്ങള്‍ എളുപ്പമാക്കാനും അദേഹം പ്രധാനമന്ത്രിയായാല്‍ മുന്‍കൈ എടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

മാധ്യമങ്ങളില്‍ നിന്നും അകന്നുകഴിയാനിഷ്ടപ്പെടുന്ന ഇദ്ദേഹം വിവാദങ്ങളിലൊന്നും ഉള്‍പ്പെട്ടിട്ടില്ല. ഋഷി സുനകിനെതിരെ ആകെ ഉണ്ടായിട്ടുള്ളത് ഒരൊറ്റ ആരോപണം മാത്രമാണ്. അത് വരുമാനം പൂര്‍ണ്ണമായും വെളിപ്പെടുത്തിയില്ല എന്നതാണ്. ഋഷിയുടെ എല്ലാ വരുമാനവും വെളിപ്പെടുത്തിയാല്‍ അയാള്‍ ബ്രിട്ടീഷ് രാജ്ഞിയേക്കാള്‍ സമ്പന്നനാകും എന്നാണ് കണക്കുകള്‍. എലിസബത്ത് രാജ്ഞിയുടെ ആകെ സ്വത്ത് 3,400 കോടിയാണെങ്കില്‍ റിഷി സുനകിന്റേത് 4,200 കോടിയോളം വരും. ഇത് ഭാര്യ അക്ഷതമൂര്‍ത്തിയുടെ കയ്യിലുള്ള ഇന്‍ഫോസിസ് ഓഹരികളുടെ വില കൂടി കൂട്ടുമ്പോഴാണ്.

ഇന്‍ഫോസിസില്‍ അക്ഷതയക്ക് 7600 കോടിയുടെ ഓഹരിയുണ്ട്. ഇന്‍ഫോസിസില്‍ 0.9% ഓഹരിയുള്ള അക്ഷതയ്ക്ക് ആ ഇനത്തില്‍ 2020ല്‍ മാത്രം 1.51 കോടി ഡോളര്‍ ഡിവിഡന്റ് ലഭിച്ചിരുന്നു. എലിസബത്ത് രാജ്ഞിയുടെ സമ്പത്ത് 3500 കോടിയാണെന്നാണ് ഔദ്യോഗിക കണക്ക്. രാജ്ഞിയുടെ സമ്പത്തിന്റ ഇരട്ടിയിലധികം സമ്പത്ത് അക്ഷതയ്ക്കുണ്ട്.

ബ്രിട്ടീഷ് പാര്‍ലമെന്റിലെ ആദ്യ ഇന്ത്യക്കാരന്‍ ദാദാഭായ് നവറോജി ആയിരുന്നു. വെള്ളക്കാരനല്ലാത്ത ആദ്യ പാര്‍ലമെന്റംഗം കൂടിയായ അദ്ദേഹം ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ ജീവിക്കുന്ന ഇന്ത്യക്കാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഈ സമയത്ത്, ആക്ടിവിസ്റ്റുകളായ ലാല്‍ മോഹന്‍ ഘോഷും മാഡം ഭിക്കാജി കാമയും ബ്രിട്ടീഷ് നയങ്ങളിലും ഇന്ത്യയില്‍ നില നിന്ന ഭരണത്തിലും പ്രതിഷേധിച്ച് നിരവധി പ്രചരണങ്ങളും നടത്തിയിരുന്നു.

എന്നാല്‍ ഇന്ത്യന്‍ വംശജരായ രാഷ്ട്രീയക്കാര്‍ ബ്രിട്ടീഷ് രാഷ്ട്രീയത്തിലേക്ക് എത്താന്‍ തുടങ്ങിയത് 60 കളിലും 70 കളിലും നടന്ന കുടിയേറ്റത്തിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്നാണ്. ഇന്ന് ഇന്ത്യന്‍ വംശജരായ രാഷ്ട്രീയക്കാര്‍ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ വംശജരായ പൗരന്മാരുടെ രാഷ്ട്രീയ സ്വാധീനം കൂടാതെ കുടിയേറ്റക്കാര്‍ക്ക് യുകെയിലുള്ള വോട്ടുകള്‍ എന്നിവയാണ് ഇതിന് പിന്നിലെ കാരണം. 2015ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യന്‍ വോട്ടര്‍മാരുടെ എണ്ണം 615,000 ആയിരുന്നെന്നും ഇതില്‍ 95 ശതമാനത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group