മലപ്പുറം: പത്തനാപുരത്ത് ചാലിയാർ പുഴയിൽ കുളിക്കുന്നതിനിടയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പത്തനാപുരം സ്വദേശി കൊന്നാലത്ത് റഷീദിന്റെ മകൻ അനീസ് ഫവാസ് (12) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ സുഹൃത്തുക്കളുമായി ചാലിയാറിൽ കുളിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. തുടർന്ന് കൂടെ ഉണ്ടായിരുന്നവർ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. പിന്നാലെ അരീക്കോട് പോലീസ്, മുക്കം അഗ്നിരക്ഷാ നിലയം, എടവണ്ണ ഇആർഎഫ് എന്നിവരെ വിവരവും അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽഇവരും തെരച്ചിലിന് എത്തിയിരുന്നു. ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്.
ബോട്ടുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം. കുട്ടിയെ കാണാതായ കടവിൽ നിന്ന് കുറച്ചുദൂരം മാറി അഗ്നിരക്ഷാസേന മുങ്ങൽ വിദഗ്ധർ തുടർച്ചയായി നടത്തിയ തിരച്ചിലിലാണ് 3 മണിക്കൂറിന് ശേഷം കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടികൾ കുളിക്കാനിറങ്ങിയ കടവിൽ പുഴയിൽ താഴ്ച കൂടിയതാണ് അപകടത്തിന് ഇടയാക്കിയത്. മൃതദേഹം തുടർനടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി . ഇവിടെ നിന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
إرسال تعليق