ചിത്രദുര്‍ഗ/ബംഗലൂരു: രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മഠാധിപതി അറസ്റ്റില്‍. കര്‍ണാടക ചിത്രദുര്‍ഗയിലെ മുരുഗ മഠം അധിപന്‍ ശിവമൂര്‍ത്തി സ്വാമിയാണ് വ്യാഴാഴ്ച രാത്രി അറസ്റ്റിലായത്. രാത്രി തന്നെ 64കാരനായ സ്വാമിയെ റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു. കര്‍ണാടകത്തിലെ പ്രമുഖമായ ലിംഗായത്ത് സമുദായത്തിന്റെ ആത്മീയാചാര്യനാണ് സ്വാമി.
14ദിവസത്തേക്കാണ് സ്വാമിയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. സ്വാമിയുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരിക്കേയാണ് അപ്രതീക്ഷിത അറസ്റ്റ്. ചിത്രദുര്‍ഗയിലെ ജയിലില്‍ അടച്ച സ്വാമിയ്ക്ക് നല്‍കിയിരിക്കുന്നത് 2261 എന്ന നമ്പരാണ്.
മഠത്തിന്റെ ഉടമസ്ഥതയിലുള്ള ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. സ്വാമിക്കെതിരെ പോക്‌സോ, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 376 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സ്വാമിയെ അറസ്റ്റു ചെയ്യാന്‍ വൈകുന്നതില്‍ ഒരാഴ്ചയോളമായി ദളിത് സംഘടനകളുടെ പ്രതിഷേധം നടക്കുകയായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടികളില്‍ ഒരാള്‍ പട്ടിക ജാതി വിഭാഗത്തില്‍ പെട്ടതാണ്. 15ഉം 16ഉം വയസ്സാണ് ഇവരുടെ പ്രായം.
2019 ജനുവരി മുതല്‍ 2022 ജൂണ്‍ വരെ പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി. ഹോസ്റ്റല്‍ വാര്‍ഡന്‍ രശ്മിയെ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അവരുടെ മൊഴി മജിസ്‌ട്രേറ്റിനു മുമ്പാകെ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 17ാം നൂറ്റാണ്ടില്‍ സ്ഥാപിതമായതാണ് മുരുഗ മഠം.
إرسال تعليق