പത്തനംതിട്ട: നഴ്സറി ക്ലാസിൽ കുഴഞ്ഞുവീണ അധ്യാപിക ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. വടശേരിക്കര അരീക്കക്കാവ് കരിപ്പോൺ പുത്തൻവീട്ടിൽ തോമസിന്റെ ഭാര്യയും മൈലപ്ര സേക്രഡ് ഹാർട്ട് സ്കൂളിലെ നഴ്സറി വിഭാഗത്തിലെ പ്രധാന അധ്യാപികയുമായിരുന്ന സാറാമ്മയാണ് (മിനി -47) മരിച്ചത്.
ഇന്നലെ രാവിലെ സ്കൂളിലെ പ്രാർഥന കഴിഞ്ഞ് കുട്ടികളുടെ ഹാജർ എടുത്തുകൊണ്ടിരിക്കുമ്പോഴാണ് സാറാമ്മ കുഴഞ്ഞുവീണത്.
ഉടനെ സഹപ്രവർത്തകർ ചേർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. ഐസിയുവിൽ കിടക്ക ഇല്ലാതിരുന്നതിനെത്തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ ആരംഭിച്ചപ്പോഴേക്കും മരണം സംഭവിച്ചു.
ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും മരുന്നു കഴിക്കുന്നയാളായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോൾ പ്രമേഹം മൂർച്ഛിച്ച നിലയിലായിരുന്നു.
إرسال تعليق