തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓൺലൈൻ ടാക്സി സർവീസ് ആയ 'കേരള സവാരി' ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായി തുടങ്ങി. ആഗസ്റ്റ് 17നാണ് സര്‍വീസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ചില സാങ്കേതിക പ്രശ്നങ്ങളാല്‍ ആപ് പ്ലേസ്റ്റോറില്‍ എത്താത്തത് വലിയ വാര്‍ത്തയായിരുന്നു.
ഗൂഗിൾ വെരിഫിക്കേഷനിൽ നേരിട്ട കാലതാമസമാണ് ആപ്പ് വൈകാന്‍ കാരണമായത് എന്നാണ് അധികൃതരുടെ വിശദീകരണം. യാത്രക്കാർക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പു വരുത്താനും ഓട്ടോ ടാക്സി തൊഴിലാളികൾക്ക് അർഹമായ പ്രതിഫലം ലഭ്യമാക്കാനും തൊഴിൽ വകുപ്പിന്‍റെ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡാണ് കേരള സവാരി ആരംഭിച്ചത്.
ഫോണ്‍ നമ്പര്‍ ഇ-മെയില്‍ കൊടുത്ത് ആപ്പ് ലോഗിന്‍ ചെയ്യാം. പൈലറ്റ് പ്രോഗ്രാം എന്ന നിലയില്‍ തിരുവനന്തപുരത്താണ് ഈ ആപ്പിന്‍റെ സേവനം ലഭ്യമാക്കുന്നത്. തുടര്‍ന്ന് മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. ഓട്ടോ, ടാക്സി എന്നിവ ഇതുവഴി ബുക്ക് ചെയ്യാം. വളരെ ലളിതമായ ഇന്‍റര്‍ഫേസാണ് ആപ്പ് നല്‍കുന്നത്. കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ നഗരസഭാ പരിധികളിലും ഒരു മാസത്തിനുള്ളിൽ കേരള സവാരി എത്തുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
ആപ്ലിക്കേഷനിലുള്ള പാനിക് ബട്ടൺ ആപൽഘട്ടങ്ങളിൽ യാത്രക്കാർക്ക് തുണയാകും. സമീപത്തെ പൊലീസ് സ്‌റ്റേഷനിലേക്കും കൺട്രോൾ റൂമിലേക്കുമാണ് വിവരമെത്തുക. ആംബുലൻസ്, ഫയർഫോഴ്‌സ് സേവനങ്ങൾ തെരഞ്ഞെടുക്കാനും സൗകര്യമുണ്ട്.
ഡ്രൈവർമാർക്ക് ജാക്കറ്റും ഐഡി കാർഡും ഉണ്ടാകും എന്നാണ് സര്‍ക്കാര്‍ പറയുന്നത്. കേരള സവാരിയുടെ സ്‌റ്റിക്കർ വാഹനത്തിന്റെ മുന്നിലും പിറകിലുമുണ്ടാകും. യാത്രക്കാർക്ക് ആപ്ലിക്കേഷനിൽ പരാതി സമർപ്പിക്കാനുള്ള സൗകര്യത്തിനുപുറമെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററും ആരംഭിച്ചിട്ടുണ്ട്. നമ്പർ: 9072 272 208.
إرسال تعليق