ചെന്നൈ: വ്യാജച്ചാരായ വിൽപനയെക്കുറിച്ച് പൊലീസിനു വിവരം നൽകിയ പഞ്ചായത്തംഗത്തെ മദ്യവിൽപനക്കാരി വീട്ടിലേക്കു വിളിച്ചു വരുത്തി വെട്ടിക്കൊന്നു. ചെന്നൈ താംബരത്തിനു സമീപം ഡിഎംകെയുടെ നടുവീരപ്പട്ടു പഞ്ചായത്ത് അംഗം സതീഷ് (31) ആണു കൊല്ലപ്പെട്ടത്. പ്രതി ലോകേശ്വരിയെന്ന് അറിയപ്പെടുന്ന എസ്തർ (45) ഒളിവിലാണ്. കൊലയ്ക്കുശേഷം മൃതദേഹം വലിച്ചിഴച്ച് വീടിനു മുന്നിലെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. ലോകേശ്വരി നേരത്തേ പെൺവാണിഭ കേന്ദ്രവും നടത്തിയിരുന്നു.
ലോകേശ്വരിയുടെ വീട്ടിൽ ദിവസം മുഴുവൻ മദ്യവിൽപന നടന്നുവന്നിരുന്നു. സതീഷ് നിരവധി തവണ ലോകേശ്വരിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും മദ്യവിൽപന അവസാനിപ്പിക്കാതെ വന്നതോടെ സതീഷ് പൊലീസിലും പരാതി നൽകി. ഇതോടെ ലോകേശ്വരിയുടെ വരുമാനം നിലച്ചു. സ്ഥിരമായി മദ്യം വാങ്ങുന്നവർ പോലും അവരിൽ നിന്ന് അകലാൻ തുടങ്ങി. ഇതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നില്ലെന്നാണ് പ്രാഥമിക നിഗമനം.
തിങ്കളാഴ്ച ലോകേശ്വരി സതീഷിനെ വീട്ടിലേക്ക് വിളിച്ചു. വാതിൽ കുറ്റിയിട്ടശേഷം സതീഷിനെ അരിവാൾകൊണ്ട് വെട്ടുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം മൃതദേഹം വലിച്ചിഴച്ച് വീടിന് പുറത്ത് കൊണ്ടിട്ടു. പിന്നാലെ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സോമംഗലം പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ക്രോംപറ്റ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ലോകേശ്വരിക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
إرسال تعليق