യുപിഐ (UPI) ഇടപാടുകള്‍ നിലവില്‍ വന്നതോടെ പണം അയയ്ക്കുന്നതും സ്വീകരിക്കുന്നതും ഇപ്പോള്‍ മുന്‍പത്തേക്കാളും എളുപ്പമായിരിക്കുകയാണ്. രാജ്യത്തുടനീളമുള്ള ആളുകള്‍ യുപിഐ ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നുണ്ട്. ഇത്തരം ഇടപാടുകള്‍ വര്‍ധിക്കും തോറും തട്ടിപ്പുകളും കൂടി വരികയാണ്.
വാട്‌സ്ആപ്പിലൂടെയും എസ്എംഎസ് മുഖാന്തരവുമാണ് തട്ടിപ്പുകാര്‍ ആളുകളെ കബളിപ്പിക്കുന്നത്. അടുത്തിടെ, വാട്‌സ്ആപ്പ് മുഖേനയുള്ള നിരവധി തട്ടിപ്പ് കേസുകള്‍ നാം കണ്ടിട്ടുണ്ടാകും. തൊഴിലവസരങ്ങള്‍, വൈദ്യുതി ബില്ലുകള്‍ എന്നിവയുമായി ബന്ധപ്പെട്ട തട്ടിപ്പ് സന്ദേശങ്ങള്‍ ഇന്ന് സാധാരണമാണ്. ഓണ്‍ലൈന്‍ പണം തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന നാല് സന്ദേശങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
1. ജോലിയുമായി ബന്ധപ്പെട്ട സെലക്ഷന്‍ സന്ദേശങ്ങള്‍ (job selection messages)
ഈയിടെയായി വാട്‌സ്ആപ്പിലോ എസ്എംഎസ് വഴിയോ ടാര്‍ഗെറ്റു ചെയ്ത ടെക്സ്റ്റ് സന്ദേശങ്ങള്‍ അയച്ച് ആളുകളെ കബളിപ്പിക്കുന്ന പ്രവണത വര്‍ധിച്ചു വരികയാണ്. തട്ടിപ്പുകാര്‍ ഉപയോക്താക്കള്‍ക്ക് തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് എസ്എംഎസോ വാട്ട്സ്ആപ്പ് സന്ദേശമോ അയക്കുന്നതായി അടുത്തിടെ കണ്ടെത്തിയിരുന്നു. തങ്ങള്‍ക്ക് ഒരു ജോലി അവസരമുണ്ടെന്നാണ് സന്ദേശങ്ങളില്‍ പറയുന്നത്. ശമ്പളത്തെ കുറിച്ചും അതില്‍ പരാമര്‍ശിക്കാറുണ്ട്. തുടര്‍ന്ന് ഉപയോക്താക്കള്‍ക്ക് സന്ദേശം അയയ്ക്കാന്‍ ഒരു വാട്‌സ്ആപ്പ് നമ്പറും നല്‍കും. ഉദാഹരണത്തിന്, 'നിങ്ങള്‍ ഞങ്ങളുടെ അഭിമുഖത്തില്‍ വിജയിച്ചു, 8000 രൂപയാണ് ദിവസ ശമ്പളം. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: https://wa.me/9191XXXXXX SSBO'.
ഇപ്പോള്‍, ഇന്ത്യയില്‍ ജോലി അന്വേഷിക്കുന്ന ആളുകളെ കബളിപ്പിക്കാന്‍ ഇതുപോലുള്ള നിരവധി സന്ദേശങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. നിങ്ങള്‍ ഈ 'wa.me' ലിങ്കുകളില്‍ ഏതെങ്കിലും ക്ലിക്ക് ചെയ്യുകയാണെങ്കില്‍ തട്ടിപ്പുകാര്‍ മുന്‍കൂറായി പണം ആവശ്യപ്പെട്ടേക്കാം, അത് ഒരു റഫറല്‍ പ്രോഗ്രാമിനായി സൈന്‍-അപ്പ് ചെയ്യാന്‍ നിങ്ങളോട് ആവശ്യപ്പെടുന്ന ഒരു പിരമിഡ് മാര്‍ക്കറ്റിംഗ് സ്‌കീമായിരിക്കാം (പലപ്പോഴും ഒരു രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും). ചിലപ്പോള്‍ അതിലേക്ക് കൂടുതല്‍ ആളുകളെ കൊണ്ടുവരാനും അല്ലെങ്കില്‍ നിങ്ങളുടെ വിവരങ്ങള്‍ മോഷ്ടിക്കാനുമുള്ള പദ്ധതിയായിരിക്കാം. ഇന്ത്യയിലെ തൊഴിലന്വേഷകരില്‍ 56% പേരും തട്ടിപ്പുകള്‍ക്ക് ഇരകളാകുന്നുണ്ടെന്ന് ഒരു ചാറ്റ് അധിഷ്ഠിത നിയമന പ്ലാറ്റ്ഫോമില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. 20 നും 29 നും ഇടയില്‍ പ്രായമുള്ള തൊഴിലന്വേഷകരാണ് തട്ടിപ്പുകാരുടെ പ്രധാന ലക്ഷ്യം.
2. ക്യാഷ് പ്രൈസ് വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങള്‍/ ലക്കി ഡ്രോ വിജയ സന്ദേശങ്ങള്‍ (messages promising cash prize/ lucky draw winning messages)
ക്യാഷ് പ്രൈസ് വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങള്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന ഒരു പഴയ രീതിയാണ്. ഉപയോക്താക്കള്‍ക്ക് പലപ്പോഴും വാട്ട്സ്ആപ്പിലോ എസ്എംഎസ് വഴിയോ ആണ് ഇത്തരം സന്ദേശങ്ങള്‍ ലഭിക്കാറുള്ളത്. 'കെബിസി ജിയോ' ലക്കി ഡ്രോയുടെ ഭാഗമായി ക്യാഷ് പ്രൈസ് ലഭിച്ചു, അല്ലെങ്കില്‍ വഞ്ചനാപരമായ ലിങ്കുകളില്‍ ആളുകള്‍ ക്ലിക്ക് ചെയ്യാന്‍ തരത്തിലുള്ള വലിയ ക്യാഷ് പ്രൈസ് വാഗ്ദാനം ചെയ്യുക എന്നിവയൊക്കെയാണ് ഇവരുടെ പതിവ് രീതികള്‍. 'അഭിനന്ദനങ്ങള്‍! നിങ്ങള്‍ 50,000 രൂപ നേടി! നിങ്ങളുടെ റിവാര്‍ഡ് ക്ലെയിം ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക!, '' ഇത്തരത്തിലുള്ള സന്ദേശമാണ് ലഭിക്കുക.
കെബിസി ജിയോ ക്യാഷ് പ്രൈസായി 25,000 രൂപ നേടിയതായി തട്ടിപ്പുകാര്‍ ഉപയോക്താക്കള്‍ക്ക് സന്ദേശം അയയ്ക്കും. സന്ദേശത്തോടൊപ്പം പ്രക്രിയ വിശദീകരിക്കുന്ന ഒരു പോസ്‌റ്റോ വീഡിയോയോ ഉണ്ടായിരിക്കും. ആളുകള്‍ അതില്‍ ക്ലിക്ക് ചെയ്യുകയാണെങ്കില്‍, പണം ലഭിക്കുന്നതിന് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ വാട്‌സ്ആപ്പിലൂടെ പങ്കുവെയ്ക്കാന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെടും. കെബിസി ജിയോ സന്ദേശത്തിനൊപ്പം കെബിസി ലോഗോ, സോണി എല്‍ഐവി ലോഗോ (കോന്‍ ബനേഗ ക്രോര്‍പതി സംപ്രേക്ഷണം ചെയ്യുന്നത് സോണി എല്‍ആവിയിലാണ്) എന്നിവയും സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. പലപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള ഒരു പോസ്റ്ററും സന്ദേശങ്ങളില്‍ കാണാറുണ്ട്. ഈ റിവാര്‍ഡുകള്‍ ഉപയോഗിച്ച് ആളുകള്‍ ലക്ഷക്കണക്കിന് രൂപ നേടിയതായി പോലും സന്ദേശത്തില്‍ അവകാശപ്പെടുന്നുണ്ട്.
ഇത്തരത്തില്‍ ഒരാള്‍ തുക ക്ലെയിം ചെയ്യാന്‍ തന്നിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടുമ്പോള്‍, ലോട്ടറിയുടെ പ്രോസസ്സിംഗിനും ജിഎസ്ടിക്കും മറ്റും ആദ്യം ഒരു നിശ്ചിത റീഫണ്ടബിള്‍ തുക നല്‍കണമെന്ന് തട്ടിപ്പുകാര്‍ ആവശ്യപ്പെടും. ആ പണം നല്‍കി കഴിഞ്ഞാല്‍ അവര്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടുകൊണ്ടിരിക്കും.
3. വാട്‌സ്ആപ്പ് ഒടിപി ആവശ്യപ്പെട്ടുകൊണ്ടുള്ള സുഹൃത്തുക്കളുടെ സന്ദേശങ്ങള്‍ (friends seeking OTP for whatsapp)
കഴിഞ്ഞ വര്‍ഷം നടന്ന വലിയ രീതിയിലുള്ള വാട്‌സ്ആപ്പ് തട്ടിപ്പാണിത്. ഇതിലൂടെ എസ്എംഎസ് വഴി നിങ്ങള്‍ക്ക് ലഭിച്ച ഒരു ഒടിപി തിരിച്ച് അയയ്ക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. '' ക്ഷമിക്കണം, ഞാന്‍ നിങ്ങള്‍ക്ക് ഒരു 6 അക്ക കോഡ് അബദ്ധത്തില്‍ എസ്എംഎസ് ആയി അയച്ചു, ദയവായി അത് എനിക്ക് ഫോര്‍വേഡ് ചെയ്യാമോ? ഇത് പെട്ടെന്ന് ആവശ്യമുള്ളതാണ് '' എന്ന രീതിയിലുള്ള സന്ദേശങ്ങളാണ് ലഭിക്കുക. അറിയുന്ന കോണ്‍ടാക്റ്റില്‍ നിന്ന് വരുന്ന സന്ദേശമായതിനാല്‍ ആളുകള്‍ കൂടുതല്‍ ചിന്തിക്കാതെ കോഡ് അയച്ചുകൊടുക്കും. നിങ്ങള്‍ ഈ കോഡ് അയച്ചു കൊടുത്താല്‍, തട്ടിപ്പുകാര്‍ മറ്റൊരു ഡിവൈസില്‍ നിന്ന് നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് തുറക്കും. അതിലൂടെ അവര്‍ നിങ്ങളുടെ കോണ്‍ടാക്റ്റിലുള്ള ആളുകള്‍ക്ക് പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങള്‍ അയയ്ക്കും.
4. വൈദ്യുതി ബില്‍ അടയ്ക്കാന്‍ ആവശ്യപ്പെടുന്ന സന്ദേശം (messages asking you to clear electricity bill)
അടുത്തിടെയായി ആളുകള്‍ക്ക് അവരുടെ വാട്ട്സ്ആപ്പില്‍ വൈദ്യുതി ബില്ലുകള്‍ അടയ്ക്കാന്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ടുള്ള സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. തട്ടിപ്പുകാരന്റെ നമ്പറും സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. എസ്എംഎസ് മുഖേനയും ഇത്തരം സന്ദേശങ്ങള്‍ ലഭിക്കാറുണ്ട്. ആരെങ്കിലും ആ നമ്പറിലേക്ക് വിളിച്ചാല്‍ തട്ടിപ്പുകാര്‍ പണം നല്‍കാന്‍ ആ വ്യക്തിയെ പ്രേരിപ്പിക്കുകയും പണം അടച്ചില്ലെങ്കില്‍ അവരുടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുമെന്നും അവര്‍ പറയും.
'പ്രിയ ഉപഭോക്താവേ, നിങ്ങള്‍ കഴിഞ്ഞ മാസത്തെ ബില്‍ അടയ്ക്കാത്തതിനാല്‍ ഇന്ന് രാത്രി 9.30 ന് ഇലക്ട്രിസിറ്റി ഓഫീസില്‍ നിന്ന് ആളുകളെത്തി നിങ്ങളുടെ വൈദ്യുതി വിച്ഛേദിക്കും. ദയവായി ഉടന്‍ ഞങ്ങളുടെ ഇലക്ട്രിസിറ്റി ഓഫീസറെ ബന്ധപ്പെടുക 8260303942. നന്ദി,' എന്നതാണ് സാധാരണയായി ലഭിക്കുന്ന സന്ദേശം. ഈ സന്ദേശം ഒരു അംഗീകൃത ഉറവിടത്തില്‍ നിന്ന് വരുന്നതല്ലെങ്കിലും, ധാരാളം ആളുകള്‍ ഈ നമ്പറിലേക്ക് വിളിക്കുന്നുണ്ട്. ഈ സന്ദേശത്തിലെ ഭാഷാ പ്രയോഗം ഒരു അംഗീകൃത സ്ഥാപനത്തിന് അനുയോജ്യമായ രീതിയില്‍ ആയിരിക്കണമെന്നില്ല. ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്ന് ഇത്തരത്തിലുള്ള മോശം ടെക്സ്റ്റുകള്‍ ബില്‍ പേയ്മെന്റ് ഓര്‍മ്മപ്പെടുത്തലായി ഒരിക്കലും അയയ്ക്കില്ല. ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ്, ഒഡീഷ തുടങ്ങിയ നഗരങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
إرسال تعليق