Join News @ Iritty Whats App Group

മാവോയിസ്റ്റ് സാനിദ്ധ്യം - ഇരിട്ടി പോലീസ്‌റ്റേഷനിലും കനത്ത സുരക്ഷാ വലയമൊരുങ്ങുന്നു


ഇരിട്ടി: ഇരിട്ടി പോലീസ് സ്റ്റേഷൻ ഉൾപ്പെടെ മാവോയിസ്റ്റ് സാനിധ്യം സംശയിക്കുന്ന വനമേഖലയോട് ചേർന്നുകിടക്കുന്ന പോലീസ് സ്റ്റേഷനുകൾകൂടി കനത്ത സുരക്ഷാ വലയത്തിലേക്ക്. ഇരിട്ടി പോലീസ് സബ് ഡിവിഷൻ പരിധിയിലെ ഇരിട്ടി ഡി വൈ എസ് പി, സർക്കിൾ ഓഫീസുകൾ ഉൾപ്പെടുന്ന ഇരിട്ടി പോലീസ് സ്റ്റേഷൻ കൂടാതെ, ഉളിക്കൽ, പേരാവൂർ സബ് ഡിവിഷനിലെ പേരാവൂർ,കേളകം, മുഴക്കുന്ന് സ്റ്റേഷനുകൾക്കാണ് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നത്. ഈ സ്റ്റേഷനുകൾക്ക് ചുറ്റുമതിൽ നിർമ്മിച്ച് മുള്ളുകമ്പികൾ കൊണ്ടുള്ള സുരക്ഷാ വേലികൾ ഒരുക്കുന്നതിനൊപ്പം തോക്കേന്തിയ സായുധ സേനയുടെ സുരക്ഷയും ഒരുക്കും. മേഖലയിലെ കരിക്കോട്ടക്കരി, കണ്ണവം, ആറളം പൊലിസ് സ്റ്റേഷനുകൾക്ക് നേരത്തെ സുരക്ഷയൊരുക്കിയിരുന്നു.
ഇരിട്ടി സ്റ്റേഷന്റെ നിലവിലുണ്ടായിരുന്ന മതിൽ ഉയരംകൂട്ടി പുതുക്കി നിർമ്മിച്ചു കഴിഞ്ഞു. പുതുതായി പത്തടിയോളം ഉയരത്തിലായി പണിത മതിലിന് മുകളിൽ മുള്ളുകമ്പിവേലികളും ക്രമീകരിച്ചു കഴിഞ്ഞു. ഇവിടെ സായുധ സുരക്ഷാ സംവിധാനം ഒരുക്കുന്നതിൻ്റെ ഭാഗമായി പ്രത്യേക പ്രവേശന കവാടത്തിൻ്റെ നിർമ്മാണവും അവസാന ഘട്ടത്തിലാണ്. 
കേരള - കർണ്ണാടക അതിർത്തി പ്രദേശത്തോട് ചേർന്ന് അന്തർ സംസ്ഥാന പാതയോരത്ത് പ്രവർത്തിക്കുന്ന പ്രധാന പൊലിസ് കാര്യാലയമെന്ന പ്രത്യേക പരിഗണനയിലാണ് ഇരിട്ടി ഡിവൈഎസ്പി ഓഫിസുൾപ്പെടുന്ന ഇരിട്ടി പൊലിസ് സബ്ഡിവിഷൻ ഓഫിസും അനുബന്ധ ഓഫിസിലും കനത്ത സുരക്ഷയൊരുക്കുന്നത്. രാത്രി കാല നിരീക്ഷണത്തിനായി പ്രത്യേക വാച്ച് ടവർ നിർമ്മാണവും പൂർത്തിയായി കഴിഞ്ഞു. ഇരിട്ടി സബ് ഡിവിഷണൽ ഓഫിസും അനുബന്ധകെട്ടിടങ്ങളും ഉൾപ്പെടെ സമീപ പ്രദേശങ്ങൾ വ്യക്തമായി നിരീക്ഷിക്കാൻ സാധിക്കും വിധമാണ് ഇവയുടെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. പ്രവേശന കവാടത്തിൻ്റെ നിർമ്മാണം പൂർത്തിയായാൽ പ്രത്യേക കമാൻ്റോ പരിശീലനം പൂർത്തിയാക്കിയ കേരളാ പോലിസിലെ സായുധ കമാൻ്റോ വിഭാഗത്തിൻ്റെയും തണ്ടർ ബോൾട്ടിൻ്റെയും 24 മണിക്കൂറും പ്രവർത്തിക്കുന്ന കനത്ത സുരക്ഷയാവും ഉണ്ടാവുക. ഇരിട്ടി സ്റ്റേഷനുണ്ടാവുക. ഇതിനു പുറമെ അത്യാധുനിക സംവിധാനത്തോടെയുള്ള നിരീക്ഷണ കാമറകളും സ്ഥാപിക്കും. 
ഇതിന്റെ ഭാഗമായി പ്രത്യേക കമാൻ്റോകളായി തിരഞ്ഞെടുക്കപ്പെട്ട പൊലിസുകാർക്കും വനമേഖലയോട് ചേർന്ന് പ്രവർത്തിക്കുന്ന പൊലിസ് സ്റ്റേഷനിലെ സി ഐ, എസ് ഐ മാർക്കും യന്ത്രത്തോക്ക് ഉൾപ്പെടെയുള്ള അത്യാധുനിക തോക്കുകൾ ഉപയോഗിക്കുന്നതിനുള്ള പ്രത്യേക പരിശീലനവും പൂർത്തിയാക്കി കഴിഞ്ഞു. 
മറ്റിടങ്ങളിൽ സുരക്ഷാ സേനയിൽ നിന്നും കടുത്ത വെല്ലുവിളി നേരിടുന്ന മാവോയിസ്റ്റുകൾ പശ്ചിമഘട്ട മേഖല കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കാൻ സാധ്യതയുണ്ടെന്ന കേന്ദ്ര - സംസ്ഥാന ഇൻ്റലിജൻസ് വിഭാഗ ത്തിൻ്റ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് വനമേഖലയോട് ചേർന്ന പൊലിസ് സ്റ്റേഷനുകളിലും സംസ്ഥാന അതിർത്തിയിലെ പോലിസ് സബ്ഡിവിഷൻ ഓഫിസ് പരിസരത്തും കനത്ത സുരക്ഷയൊരുക്കുന്നത്. സുരക്ഷാ സംവിധാനത്തിൻ്റെ ഭാഗമായുള്ള പ്രവേശന കവാടം, നിരീക്ഷണ കാമറ സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തി ഈ മാസം തന്നെ പൂർത്തിയാക്കും. ഒക്ടോബറിൽ തന്നെ സംവിധാനങ്ങൾ പ്രവർത്ത ക്ഷമമാക്കാനാണ് ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശം.

Post a Comment

أحدث أقدم
Join Our Whats App Group