ഇരിട്ടി: കേന്ദ്ര പദ്ധതിയായ അമൃത് , കേന്ദ്ര സംസ്ഥാന പദ്ധതിയായ ജൽ ജീവൻ മിഷൻ എന്നിവയിലൂടെ പേരാവൂർ നിയോജക മണ്ഡലത്തിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. പേരാവൂർ നിയോജക മണ്ഡലത്തിലെ എല്ലാ വീടുകളിലും മട്ടന്നൂർ നഗരസഭയിലുമായി എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാൻ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികൾക്കായി 786 കോടി രൂപയുടെ പ്രവർത്തികൾ ജലവിഭവ വകുപ്പ് മൂന്നുവർഷത്തിനകം പൂർത്തിയാക്കും. ഓരോ നിയോജകമണ്ഡലത്തിലും ജല അതോറിറ്റി മുഖേന നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികളുടെ അവലോകനത്തിനായി സർക്കാർ നിർദ്ദേശപ്രകാരം ചേർന്ന യോഗത്തിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇക്കാര്യം വിശദീകരിച്ചത്.
കേരളത്തിലെ 87 മുന്സിപ്പാലിറ്റികളിലും 6 കോർപ്പറേഷനുകളും കേന്ദ്ര പദ്ധതിയായ അടൽ മിഷൻഫോർ റെജുവനേഷൻ ആൻറ് അർബൻ ട്രാസ്‌ഫോർമേഷൻ (AMRUT) പദ്ധതിയിലൂടെ യാണ് ഇത് നടപ്പിലാക്കുന്നത്. ഇതിനായി 1372 കോടിയാണ് കേന്ദ്രം സംസ്ഥാനത്തിന് കൈമാറിയത്. ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇരിട്ടി , മട്ടന്നൂർ നഗരസഭകളിൽ കുടിവെള്ള മെത്തിക്കുക.
ഈ കുടിവെള്ള വിതരണ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി. രണ്ടാം ഘട്ടം 288 കോടി രൂപ ചിലവിൽ ഇരിട്ടി നഗരസഭയിൽ 190 കിലോമീറ്ററും മട്ടന്നൂർ നഗരസഭയിൽ 340 കിലോമീറ്റർ വിതരണശൃംഗ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള രണ്ടാംഘട്ടത്തിന് 258 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2024 നുള്ളിൽ ഈ പ്രവർത്തികൾ പൂർത്തിയാക്കും. ഇരിട്ടി നഗരസഭയിൽ 1150 കുടുംബങ്ങൾക്കും വീടുകളിൽ കണക്ഷൻ നൽകുന്നതിന് അമൃത പദ്ധതി പ്രകാരം 12.5 കോടി രൂപയും, മട്ടന്നൂർ നഗരസഭയിൽ പതിമൂന്നായിരത്തി ഒരുനൂറ്റി രണ്ട് കുടുംബങ്ങൾക്ക് കണക്ഷൻ നൽകുന്നതിന് 14.38 കോടി രൂപയും വിനിയോഗിക്കും. ഇത് മൂന്നാംഘട്ടത്തിൽ 2024- 2025 ൽ എല്ലാ വീടുകളിലും ഗാർഹിക കണക്ഷൻ നൽകി കമ്മീഷൻ ചെയ്യാൻ സാധിക്കും.
പായം, അയ്യൻകുന്ന്, ആറളം, മുഴക്കുന്ന്, പേരാവൂർ, കണിച്ചാർ ,കേളകം കൊട്ടിയൂർ പഞ്ചായത്തുകളിൽ കേന്ദ്ര - സംസ്ഥാന പദ്ധതിയായ ജൽ ജീവൻ മിഷൻ പദ്ധതിയിലൂടെയാണ് കുടിവെള്ള വിതരണം യാഥാർത്ഥ്യമാക്കുന്നത്. ജൽ ജീവൻ മിഷൻ പദ്ധതിക്കായി കേന്ദ്രം 45, സംസ്ഥാനം 30, ഗ്രാമപഞ്ചായത്ത് 15, ഗുണഭോക്‌താക്കൾ 10 ശതമാനം വീതമാണ് പണം മുടക്കുന്നത്.
ഇതിനായി പായം പഞ്ചായത്തിൽ 92.51 കോടി പ്രവർത്തി ടെൻഡർ ചെയ്തു. നിലവിൽ ഇരിട്ടി, മട്ടന്നൂർ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഇരിട്ടി ഹൈസ്കൂൾ കുന്നിൽ നിർമ്മാണം പൂർത്തീകരിച്ച ടാങ്കിൽ നിന്ന് ഇരിട്ടി പുഴക്കടിയിലൂടെ പൈപ്പ് വലിച്ച് മലപ്പൊട്ടിൽ പ്രധാന ടാങ്ക് സ്ഥാപിച്ച് മട്ടിണി, മട്ടിണിത്തട്ട് എന്നിവിടങ്ങളിലെ ടാങ്കുകളും വഴി എല്ലാ വീടുകളിലേക്കും കുടിവെള്ളം എത്തിക്കും. ഈ പ്രവർത്തി ഒരു വർഷത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമെടുക്കുന്നത്.
പേരാവൂർ, മുഴക്കുന്ന്, ആറളം ,അയ്യൻകുന്ന്, മട്ടന്നൂർ നിയോജക മണ്ഡലത്തിലെ കോളയാട് ചിറ്റാരിപ്പറമ്പ് എന്നീ പഞ്ചായത്തുകളിലും പദ്ധതിയുടെ ഭാഗമായുള്ള ശൃംഖല ക്രമീകരിക്കുന്നതിനായി കിഎഫ്ബിയിൽ പെടുത്തി 71.2 കോടിയുടെ പദ്ധതി നടന്നുവരികയാണ്. ജബ്ബാർ കടവിൽ പുഴയിൽ പമ്പിങ് സ്റ്റേഷനും, അത്തിത്തട്ടിൽ ജലം ശുദ്ധീകരിക്കാൻ സാധിക്കുന്ന പ്ലാന്റും നിർമിക്കുന്നത് ഉൾപ്പെടെയാണ് ഈ പദ്ധതി. ഇതിനായി ഭൂമി ഏറ്റെടുക്കാനുള്ള നടപടി ആരംഭിച്ചു.
കല്ലേരിമല, വാരപീടിക, എന്നിവിടങ്ങളിലും ടാങ്കുകൾ സ്ഥാപിക്കും. ഇതിന് അനുബന്ധമായി പേരാവൂരിൽ 67.21 കോടി രൂപയും, മുഴക്കുന്നിൽ 63 കോടി രൂപയും ,അയ്യൻകുന്നിൽ 58 കോടി രൂപയും, ആറളത്ത് 55 കോടി രൂപയും, വിനിയോഗിച്ച് ഗാർഹിക കണക്ഷനുകൾ ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരം 2024 ൽ നടപ്പിലാക്കും.
കേളകം, കണിച്ചാർ ,കൊട്ടിയൂർ എന്നീ പഞ്ചായത്തുകളിൽ നബാർഡ് സഹായത്തോടെയാണ് കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി ആദ്യഘട്ട പ്രവർത്തനത്തിന് 32.52 കോടി രൂപ പ്രവർത്തികൾ നേരത്തെ തുടങ്ങിയിരുന്നു. കാളിക്കയത്ത് പമ്പിങ് സ്റ്റേഷനും അത്തിക്കണ്ടത്ത് ശുദ്ധീകരണ ശാലയും, കമ്പിപ്പാലം, മേമല, വെള്ളൂന്നി, പൂവത്തിൻ ചോല എന്നിവിടങ്ങളിൽ ടാങ്കുകളും നിർമ്മിച്ച് കുടിവെള്ള പദ്ധതി നടപ്പാക്കും. പ്രാഥമിക ഘട്ടത്തിൽ 4100 വീടുകൾക്കാണ് ജലവിതരണം നടത്തുക. കേളകം, കാണിച്ചാർ, കൊട്ടിയൂർ പഞ്ചായത്തുകളിൽ ജൽ ജീവൻ മിഷനിൽപ്പെടുത്തി മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള 128.5 കോടി രൂപയുടെ പദ്ധതിക്കും അനുമതിയായി. പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ത്രിതല ഭരണ സംവിധാനങ്ങളുടെ സഹകരണം ഉറപ്പാക്കുമെന്ന് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു.
അയ്യൻകുന്നിലും ആറളത്തും ഉൾപ്പെടെ കുടിവെള്ള ടാങ്കുകൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലം തദ്ദേശഭരണ സ്ഥാപനങ്ങളാണ് ഏറ്റെടുത്ത് നൽകേണ്ടത്. മട്ടന്നൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ എം. പ്രകാശൻ, നോഡൽ ഓഫീസർ കൂത്തുപറമ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ കെ. അരുൺ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ ടി.വി. നൗഫൽ, സി. കെ. മുരളീധരൻ, അസിസ്റ്റൻറ് എൻജിനീയർമാരായ അശ്വിൻ ദേവ് ,കെ. രഘു, ഡ്രാഫ്റ്റ്മാൻ പി. പ്രസാദ് തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. മലയോരമേഖലയിലെ നാല്പതിനായിരം കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുകയാണ് ലക്ഷ്യം.
إرسال تعليق