കണ്ണൂർ: തെരുവ് നായ ശല്യം പരിഹരിക്കാൻ അടിയന്തര കർമ പദ്ധതിക്ക് രൂപം നൽകുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ്. നാളെ മുഖ്യമന്ത്രിയെ കണ്ട ശേഷം കർമ പദ്ധതി തയ്യാറാക്കും. സംസ്ഥാനത്ത് 152 ബ്ലോക്കിൽ എബിസി സെന്റർ സജ്ജമാക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു. ഇതിൽ 30 എണ്ണം തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് സ്ഥിതി ഗുരുതരമാണെന്നും എം.ബി.രാജേഷ് പറഞ്ഞു. വിപുലമായ രീതിയിൽ പൊതുജന പങ്കാളിതത്തോടെ പ്രശ്ന പരിഹാരം കാണാനാണ് ഉദ്ദേശിക്കുന്നതെന്നും എം.ബി.രാജേഷ് വ്യക്തമാക്കി.
അതിനിടെ, രൂക്ഷമായ തെരുവുനായ ശല്യം നേരിടാൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് അടിയന്തര യോഗം വിളിച്ചു. ഈ മാസം 14 ന് ആണ് യോഗം വിളിച്ചിട്ടുള്ളത്. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വിഷയത്തിൽ അടിയന്തര നടപടി ആവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ വ്യക്തമാക്കി.
പാലക്കാട് അട്ടപ്പാടിയിൽ മൂന്നു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്ക്. ഷോളയൂരിലെ സ്വർണപിരിവ് ഊരിലെ മൂന്ന് വയസ്സുകാരനാണ് തെരുവുനായയുടെ കടിയേറ്റത്. തിരുവോണ നാളിൽ വീട്ടുമുറ്റത്ത് നിൽക്കെയാണ് നായ ആക്രമിച്ചത്. നായയുടെ ആക്രമണത്തിൽ മുഖത്തടക്കം പരിക്കേറ്റ കുഞ്ഞിനെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പട്ടാമ്പി വിളയൂരിൽ വീട്ടു സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയ യുവാവിനെ തെരുവുനായ ഓടിച്ചിട്ട് കടിച്ചിരുന്നു. നായ ഓടിക്കുന്നതിനിടെ വീണ സാബിത്തിന് പരിക്കേറ്റിട്ടുണ്ട്.
إرسال تعليق