Join News @ Iritty Whats App Group

'മോദി ജീ, നിങ്ങൾ കാരണം ഞാൻ ആത്മഹത്യ ചെയ്യുന്നു', പ്രധാനമന്ത്രിക്ക് ജന്മദിനാശംസ നേർന്ന് കർഷകൻ ജീവനൊടുക്കി



പൂനെ: മഹാരാഷ്ട്രയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസ നേർന്നുകൊണ്ട് കർഷകൻ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ നിന്നുള്ള 42 കാരനായ കർഷകനാണ് ഉള്ളിക്ക് കുറഞ്ഞ താങ്ങുവില ലഭിക്കാത്തതിന്റെ പേരിൽ മോദിക്ക് കത്തെഴുതിവച്ച് ആത്മഹത്യ ചെയ്തത്. മോദിക്ക് ജന്മദിനാശംസകൾ നേരുകയും ഉള്ളിക്കും മറ്റ് വിളകൾക്കും താങ്ങുവില ഉറപ്പ് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തുകൊണ്ടുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കൃഷി ചെയ്യാൻ കടം വാങ്ങിയ ധനകാര്യ സ്ഥാപനങ്ങൾ ഭീഷണിപ്പെടുത്തുന്നതിനെക്കുറിച്ചും ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ദശരത് കേദാരി എന്ന കർഷകനാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച ഗ്രാമത്തിലെ കുളത്തിൽ ചാടുന്നതിന് മുമ്പ് കീടനാശിനി കഴിക്കുകയായിരുന്നു. കേദാരി ഉള്ളി കൃഷി ചെയ്തിരുന്നു. എന്നാൽ വിളയ്ക്ക് തൃപ്തികരമായ വില ലഭിച്ചില്ല. ഇത്തവണ മികച്ച വില ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും നടന്നില്ല.

മഴക്കെടുതിയിൽ ഉള്ളി നശിച്ചു. സോയാബീൻ, തക്കാളി വിളകളിലും കേദാരിക്ക് നഷ്ടമുണ്ടായി. "താൻ ഒരു സഹകരണ സംഘത്തിൽ നിന്ന് കടം വാങ്ങിയിരുന്നുവെന്ന് അദ്ദേഹം എഴുതിയ ആത്മഹത്യാ കുറിപ്പിൽ പറയുന്നുണ്ട്. കൃഷി ചൂതാട്ടമായി മാറിയെന്നും ഉള്ളി പോലുള്ള കാർഷിക ഉൽപന്നങ്ങൾക്ക് എംഎസ്പി നൽകണമെന്നും കർഷകൻ പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെടുന്നുണ്ട് ," പൊലീസ് ഇൻസ്പെക്ടർ ക്ഷീരസാഗർ പറഞ്ഞു.

"നിങ്ങളുടെ നിഷ്‌ക്രിയത്വം കാരണം ഇന്ന് ഞാൻ ആത്മഹത്യ ചെയ്യാൻ നിർബന്ധിതനായിരിക്കുകയാണ്. ദയവായി ഞങ്ങളുടെ ന്യായമായ ഗ്യാരണ്ടീഡ് മാർക്കറ്റ് വില ഞങ്ങൾക്ക് തരൂ," മറാത്തിയിൽ എഴുതിയ കുറിപ്പിൽ പറയുന്നു. ആത്മഹത്യാ കുറിപ്പിൽ ഒപ്പിട്ട ശേഷം, കുറിപ്പിന്റെ അടിയിൽ പ്രധാനമന്ത്രി മോദിക്ക് കേദാരി ജന്മദിനാശംസ നേർന്നിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കുളത്തിൽ ചാടുന്നതിന് മുമ്പ് അഴിച്ചുവച്ച വസ്ത്രത്തിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പ് കേദാരിയുടെ ബന്ധുവാണ് പോലീസിന് കൈമാറിയത്. 

കുറിപ്പ് കൈയക്ഷര വിദഗ്ധർക്ക് അയയ്ക്കുമെന്ന് പൊലീസ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ വൈറലായ ആത്മഹത്യാ കുറിപ്പിൽ, കടം 
കൊടുക്കുന്നവരുടെ ഭീഷണിയും സഹകരണ സംഘം ഉപയോഗിക്കുന്ന മോശം വാക്കുകളും കർഷകൻ പരാമർശിച്ചിട്ടുണ്ട്. നീതിക്കായി ആരെയാണ് സമീപിക്കേണ്ടതെന്ന് ചോദിച്ച കേദാരി, കർഷകരെപ്പോലെ ആരും ചൂതാട്ടം കളിക്കാറില്ലെന്നും പ്രസ്താവിച്ചു.

അതിനിടെ, മഹാരാഷ്ട്രയിൽ നടന്നുകൊണ്ടിരിക്കുന്ന കർഷക ആത്മഹത്യകൾ തടയാനും മരിച്ച കർഷകൻ ദശരഥ് കേദാരിയുടെ പൂനെയിലെ ഗ്രാമം സന്ദർശിക്കാനും അടിയന്തര നടപടികൾ ആവശ്യപ്പെട്ട് ശിവസേന വക്താവായ കിഷോർ തിവാരി പ്രധാനമന്ത്രിക്ക് കത്തയച്ചു. "മഹാരാഷ്ട്രയിലുടനീളമുള്ള കർഷക സമൂഹത്തിലെ കാർഷിക പ്രതിസന്ധി, ദുരിതം, വിഷാദം എന്നിവ കൈകാര്യം ചെയ്യുന്നതിൽ നയങ്ങളുടെ തുടർച്ചയായ പരാജയത്തിന്റെ ഇരയാണ് കേദാരി, ഇപ്പോൾ നടക്കുന്ന കർഷക ആത്മഹത്യ തടയാൻ കേന്ദ്ര സർക്കാരിന്റെ അടിയന്തര നടപടികൾ ആവശ്യമാണ്," അദ്ദേഹം എഴുതി.

Post a Comment

أحدث أقدم
Join Our Whats App Group