പതിനഞ്ചാം കേരള നിയമസഭയിലെ പുതിയ സ്പീക്കറെ തിരഞ്ഞെടുക്കാനുള്ള പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് നടക്കും. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എ എന്‍ ഷംസീറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫില്‍നിന്ന് അന്‍വര്‍ സാദത്ത് ആണ് സ്ഥാനാര്‍ഥി.
സ്പീക്കറായിരുന്ന എം ബി രാജേഷ് മന്ത്രിയാകാന്‍ സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.നിയമസഭയില്‍ രാവിലെ പത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ രഹസ്യ ബാലറ്റിലൂടെ വോട്ടെടുപ്പ് ആരംഭിക്കും.
സഭയിലെ അധ്യക്ഷവേദിക്കു സമീപം ഇരുവശത്തുമായി രണ്ട് പോളിങ് ബൂത്ത് സജ്ജീകരിക്കും. വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുക്കപ്പെട്ട പുതിയ സ്പീക്കറെ ഉച്ചയോടെ പ്രഖ്യാപിക്കും. തുടര്‍ന്ന് കേരള നിയമസഭയുടെ 24-ാമത് സ്പീക്കര്‍ ചുമതലയേല്‍ക്കും. നിയമസഭയില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷമുള്ളതിനാല്‍ എ എന്‍ ഷംസീര്‍ തന്നെ എളുപ്പത്തില്‍ തെരഞ്ഞെടുക്കപ്പെടും.
കഴിഞ്ഞവര്‍ഷം നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എ എന്‍ ഷംസീര്‍ എം ബി രാജേഷിന്റെ ഏജന്റും, അന്‍വര്‍ സാദത്ത് എതിര്‍ സ്ഥാനാര്‍ഥിയായ പി സി വിഷ്ണുനാഥിന്റെ ഏജന്റുമായി പ്രവര്‍ത്തിച്ചവരാണ്.
إرسال تعليق