ചെറുപ്പത്തില്‍ കേള്‍ക്കേണ്ടി വന്ന കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും വളര്‍ന്നു കഴിഞ്ഞാലും നമ്മള്‍ പലരില്‍ നിന്നും വിട്ടുമാറണമെന്നില്ല. മനസിന്‍റെ ഏതെങ്കിലുമൊരു കോണില്‍ അതങ്ങനെ മായാത്ത മുറിവുപോലെ കിടക്കും. മുന്നോട്ടുള്ള ജീവിതത്തിന് വിലങ്ങുതടിയായി ഇത്തരം പരിഹാസങ്ങള്‍ നിങ്ങളെ ബാധിച്ചിട്ടുണ്ടെങ്കില്‍ ഈ കഥ ഉറപ്പായും വായിച്ചിരിക്കണം.
ഒരു സ്കൂളിൽ ഒരു കുട്ടിയുണ്ട്. നല്ല മിടുക്കിക്കുട്ടി. പേര് നിധി എം എ. ഒരു ദിവസം ഒരു കുട്ടി പറഞ്ഞു നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലായെന്ന്. നിധിയാണെങ്കിൽ ടീച്ചറിന്റെ അടുത്ത് പറഞ്ഞു. ടീച്ചർ കുട്ടിയെ വഴക്കു പറഞ്ഞു. എന്നിട്ട് എല്ലാ കാര്യവും ശരിയാക്കി. ഈ നിധിയാരാണെന്ന് അറിയണ്ടേ.. ഈ കഥയെഴുതുന്ന കുട്ടിതന്നെ.
ഒരു മൂന്നാം ക്ലാസുകാരിയുടെ ഉത്തരക്കടലാസില്‍ പ്രത്യക്ഷപ്പെട്ട ഈ ചെറിയ 'വലിയ' കഥ നിങ്ങളെ ചിന്തിപ്പിച്ചിരിക്കുമെന്ന് ഉറപ്പ്. തന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലയെന്ന് ഒരു സഹപാഠി പരിഹസിക്കുന്നതും അതിന് താൻ കണ്ടെത്തിയ പരിഹാരവും ഒരു കഥയായി എഴുതിയിരിക്കുകയാണ് നിധി എന്ന ഈ കൊച്ചുമിടുക്കി.
മകളുടെ കഥ വായിച്ച അമ്മ അനുശ്രീ തന്നെയാണ് നിധിയുടെ ഈ 'കുട്ടി സ്റ്റോറി' സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഉത്തരക്കടലാസില്‍ വെരിഗുഡെന്ന് എഴുതി അധ്യാപികയും നിധിക്ക് പിന്തുണ നല്‍കി.
കഥാപാത്രവും എഴുത്തുകാരിയും ഒരാളാകുന്ന കഥയുടെ ഒടുക്കമാണ് ഹൈലൈറ്റ്. സമൂഹമാധ്യമങ്ങളിലൂടെ കഥ വായിച്ചവരെല്ലാം നിധിക്കുട്ടിയെ അഭിനന്ദിക്കാന്‍ മറന്നില്ല
إرسال تعليق