കൊച്ചി: പഴയ തുണികൾ ശേഖരിക്കാനെന്ന വ്യാജേന വീടുകൾ കയറിയിറങ്ങി വയോധികയുടെ സ്വർണമാല കവർന്ന് രക്ഷപ്പെട്ട ഇതര സംസ്ഥാന യുവാവ് പൊലീസ് പിടിയിൽ. ബംഗളുരു സ്വദേശി പ്രതാപിനെയാണ് (26) അങ്കമാലി പൊലീസ് പിടികൂടിയത്.
പഴയ തുണിയുണ്ടോ എന്ന് അന്വേഷിച്ചെത്തിയ പ്രതി വീടിന്റെ മുൻവശത്തെത്തിയ വയോധികയുടെ മാലപൊട്ടിച്ച് കടന്നു കളയുകയായിരുന്നു. വയോധിക ഒച്ചവെച്ചതോടെ സമീപവാസികൾ ഓടിയെത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടർന്ന് അങ്കമാലി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.
വർഷങ്ങളായി പ്രതി കുടുംബവുമൊത്ത് കേരളത്തിലാണ് താമസം. പെരുമ്പാവൂർ പള്ളിക്കവലയിൽ വാടകയ്ക്ക് താമസിക്കുന്ന ഇയാൾ തട്ടിയെടുത്ത മാല പെരുമ്പാവൂരിലെ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചതായി കണ്ടെത്തി. ഇത് പൊലീസ് കണ്ടെടുത്തു. ഇയാൾ സഞ്ചരിച്ച ഇരുചക്ര വാഹനവും കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
إرسال تعليق