Join News @ Iritty Whats App Group

യുവതിയ്ക്ക് നേരെ സഹപ്രവര്‍ത്തക ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായി ആരോപണം; പരാതിക്കാരിയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു


ഇടുക്കി: യുവതിയ്ക്ക് നേരെ സഹപ്രവര്‍ത്തക ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായി ആരോപണം. ഇതേത്തുടർന്ന് പരാതി ഉന്നയിച്ച പട്ടികജാതി വകുപ്പിലെ താത്കാലിക ജീവനക്കാരിയെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടു. സ്ഥാപനത്തിലെ ക്രമക്കേടുകള്‍ ചൂണ്ടികാട്ടിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
പട്ടികജാതി വകുപ്പിന്‍റെ കീഴില്‍ ഹൈറേഞ്ചില്‍ പ്രവര്‍ത്തിയ്ക്കുന്ന ഹോസ്റ്റലിലെ താത്കാലിക ജീവനക്കാരിയ്‌ക്കെതിരെയാണ്, താത്കാലിക ജീവനക്കാരിയായിരുന്ന മറ്റൊരു യുവതി പരാതി ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 13നാണ് പരാതിയ്ക്ക് അടിസ്ഥാനമായ സംഭവം നടക്കുന്നത്. യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമ ശ്രമം ഉണ്ടാവുകയായിരുന്നു. യുവതി അതിക്രമശ്രമം ചെറുക്കുകയും പിന്നീട് രേഖാമൂലം ഹോസ്റ്റലിലും നേരിട്ട് വകുപ്പുതല ജീവനക്കാരേയും പരാതി അറിയിച്ചു. എന്നാല്‍ നടപടി സ്വീകരിയ്ക്കാതെ ഒരു മാസത്തിന് ശേഷം വിവിധ കാരണങ്ങള്‍ ചുമത്തി പരാതിക്കാരിയെ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയായിരുന്നുവെന്നാണ് ആരോപണം.

ഹോസ്റ്റലില്‍ നിന്നും പാകം ചെയ്ത ഭക്ഷണ സാധനങ്ങള്‍, വീടുകളിലേയ്ക്കും ഓഫീസ് ജീവനക്കാര്‍ക്കായും കൊണ്ട് പോയിരുന്നു. പൊട്ടിയ്ക്കാത്ത പായ്ക്കറ്റ് ഉത്പന്നങ്ങളും വീടുകളിലേയ്ക്ക് കൊണ്ടുപോയിരുന്നു. ഗുണമേന്മ കുറഞ്ഞ ഭക്ഷ്യ വസ്തുക്കള്‍ എത്തിച്ചിരുന്നതായും ആരോപണം ഉണ്ട്. പലപ്പോഴും കുട്ടികള്‍ക്ക് ഭക്ഷണം തികയാത്ത സാഹചര്യം ഉണ്ടായിരുന്നതായും യുവതി പറയുന്നു. ഇത്തരം ക്രമക്കേടുകള്‍ ചൂണ്ടികാട്ടിയതോടെ, മുന്‍ വര്‍ഷങ്ങളിലും ജോലി നോക്കിയിരുന്ന താത്കാലിക ജീവനക്കാര്‍, തനിയ്‌ക്കെതിരെ തിരിയുകയും ഉദ്യോഗസ്ഥരുടെ സഹായത്തോടെ പിരിച്ച് വിടുകയുമായിരുന്നുവെന്നുമാണ് യുവതി ആരോപിക്കുന്നത്.

ഈ വര്‍ഷം ജൂണ്‍ മുതലാണ്, പരാതിക്കാരിയായ യുവതി ഹോസ്റ്റലിൽ കുക്കായി ജോലിയില്‍ പ്രവേശിച്ചത്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ശേഷം, യുവതി ജില്ലാ ഓഫീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയിലും നടപടി ഉണ്ടായിട്ടില്ല. അതേസമയം ഹോസ്റ്റലിന്റെ നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാലാണ് പിരിച്ച് വിട്ടതെന്നും യുവതിയുടെ പരാതിയില്‍ റിപ്പോര്‍ട്ട് ആവശ്യപെട്ടിട്ടുണ്ടെന്നും ജില്ലാ ഓഫീസര്‍ അറിയിച്ചു. യുവതി, പോലിസിലും വനിതാ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്.


Post a Comment

أحدث أقدم
Join Our Whats App Group