ദില്ലി: രാജ്യം ചീറ്റയുടെ വേഗത്തിൽ പുരോഗതി കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രസര്‍ക്കാറിന്‍റെ നയവും പ്രകടനവും ആണ് വികസമുണ്ടാക്കുന്നത്. കൃത്യമായ നയങ്ങളാണ് പദ്ധതിയെ മുന്നോട്ട് നയിക്കുന്നത്. കയറ്റുമതിയിൽ ഇന്ത്യ വലിയ ലക്ഷ്യം നിശ്ചയിക്കുകയും അത് കൈവരിക്കുകയും ചെയ്യുന്നു. ഉല്‍പാദന ഹബ്ബായി ഇന്ത്യ മാറുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേശീയ ചരക്ക്നീക്ക നയം പ്രധാനമന്ത്രി പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലക്കും പുതിയ ചരക്ക് നീക്ക നയം ഊർജ്ജം പകരും. ചരക്ക് നീക്ക ചെലവ് വൻതോതിൽ കുറയുന്നതാണ് പുതിയ നയം. 13 - 14% ചെലവിൽ നിന്ന് ഒറ്റ അക്കത്തിലേക്ക് എത്തിക്കും. ഒരു വർഷം കഴിഞ്ഞ് ഈ നയം വിലയിരുത്തിയാൽ എല്ലാവരും വിസ്മയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ തുറമുഖം വഴിയുള്ള കണ്ടെയ്നർ നീക്കത്തിനുള്ള സമയം ഗണ്യമായി കുറഞ്ഞു. യുലിപ് പ്ലാറ്റ്ഫോം കയറ്റുമതിക്കാർക്ക് ഗുണകരമാണ്. യുലിപ് ഗതാഗത രംഗത്തെ എല്ലാ സേവനങ്ങളെയും ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരുമെന്നും മോദി വ്യക്തമാക്കി. ചരക്ക് നീക്ക ഗതാഗത ചെലവ് കുറക്കുന്നതും വ്യാപാര രംഗത്തെ വെല്ലുവിളികളെ നേരിടുന്നതും ലക്ഷ്യമിട്ടാണ് പുതിയ നയം അവതരിപ്പിച്ചത്.
പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ നമീബിയയില്‍ നിന്ന് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിച്ചിരുന്നു. മോദിയാണ് ചീറ്റകളെ കുനോ ദേശീയോദ്യാനത്തിലേക്ക് തുറന്നുവിട്ടത്. ചീറ്റകള്‍ ഇന്ത്യയുടെ അന്തരീക്ഷവുമായി ഇണങ്ങാന്‍ സമയം വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
എട്ട് ചീറ്റപ്പുലികളെയാണ് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നുവിട്ടത്. തുറന്നുവിട്ട ചീറ്റപ്പുലികളുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറന്‍റീന് ശേഷമാകും ചീറ്റകളെ കുനോ നാഷണല്‍ പാർക്കിലേക്ക് സ്വൈര്യ വിഹാരത്തിന് വിടുക. അതിന് ശേഷം ഓരോ ചീറ്റയെയും നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട 8 ചീറ്റപ്പുലികളുമായുള്ള പ്രത്യേക വിമാനം ഇന്ന് രാവിലെയാണ് ഗ്വാളിയാർ വിമാനത്താവളത്തിലെത്തിയത്. ടെറ ഏവിയ എന്ന മൊൾഡോവൻ എയർലൈൻസിന്‍റെ പ്രത്യേകം സജ്ജമാക്കിയ ബോയിംഗ് 747 വിമാനത്തിലാണ് ചീറ്റകൾ ഇന്ത്യയിലേക്ക് പറന്നിറങ്ങിയത്. മരം കൊണ്ടുണ്ടാക്കിയ പ്രത്യേക കൂടുകളിലായിരുന്നു വിമാന യാത്ര. ഡോക്ടർമാരടക്കം വിദഗ്ധ സംഘവും കൂടയുണ്ടായിരുന്നു. അഞ്ച് പെണ്ണ് ചീറ്റപ്പുലികളും മൂന്ന് ആണ്‍ ചീറ്റപ്പുലികളുമാണ് ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്റുകളിലാണ് കൂനോ നാഷണൽ പാർക്കിലേക്ക് എത്തിച്ചത്.
إرسال تعليق