Join News @ Iritty Whats App Group

കരിക്കോട്ടക്കരി പുഴക്കര പാലം തൂണുകൾ തകർന്ന് പാലം അപകടത്തിലായിട്ട് മൂന്ന് വർഷം - പുതുക്കിപ്പണിയാതെ അധികൃതർ


ഇരിട്ടി: നാല് തൂണുകളിൽ രണ്ടു തൂണുകൾ തകർന്നുവീണ് മൂന്ന് വർഷമായി അപകടാവസ്ഥയിലായ പാലം പുതുക്കിപ്പണിയാനോ ബലപ്പെടുത്താനോ ഉള്ള യാതൊരു നടപടിയും സ്വീകരിക്കാതെ അധികൃതർ. ആറളം - അയ്യൻകുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കരിക്കോട്ടക്കരി പുഴക്കര പാലമാണ് അധികൃതരുടെ അവഗണനയിൽ ദുരിതത്തിന് കാതോർത്തിരിക്കുന്നത് . ഇരു ഭാഗത്തും പാലം അപകടത്തിൽ എന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഭാരം കയറ്റിയ വാഹനങ്ങൾ അടക്കം ഇത് വഴി നിത്യവും കടന്നു പോകുന്നത് വൻ ദുരന്തത്തിന് ഇടയാക്കുമോ എന്ന് നാട്ടുകാർ ഭയപ്പെടുകയാണ്.  
  ആറളം പഞ്ചായത്തിലെ വളയങ്കോട് നിന്നും അയ്യൻക്കുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരിയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന പാലമാണ് അപകട ഭീഷണിയിൽ ആയിരിക്കുന്നത്. രണ്ട് കിലോമീറ്റർ ഓളം വരുന്ന റോഡിൻറെ ഇരുവശങ്ങളിലുമായി നൂറുകണക്കിന് വീടുകളുണ്ട്. പുഴക്കര പാലത്തിലൂടെയാണ് താമസക്കാർ ഇരുപുറവുമുള്ള പ്രധാന പട്ടണങ്ങളായ കരിക്കോട്ടക്കരി, കീഴ്പ്പള്ളി ടൗണുകളുമായി ബന്ധപ്പെട്ടിരുന്നത്. ഏതു നിമിഷവും തകർന്നു വീഴുന്ന അവസ്ഥയിലാണ് പാലത്തിന്റെ നിൽപ്പ്. പാലത്തിന്റെ തകർച്ച കണക്കിലെടുക്കാതെ നിത്യവും നിരവധി ഭാരം കയറ്റിയ വാഹനങ്ങളും ഈ പാലത്തിലൂടെ കടന്നു പോകുന്നുണ്ട്. പാലം തകർന്നാൽ വാഹനങ്ങൾ കിലോമീറ്ററുകളോളം ചുറ്റി എടൂർ വെമ്പുപാലം വഴിയോ, കരിക്കോട്ടകരി പോലീസ് സ്റ്റേഷന് സമീപത്തെ പത്താഴപ്പുഴ പാലം വഴിയോ വേണം ടൗണുകളുമായി ബന്ധപ്പെടാൻ. 
പാലത്തിൻറെ കരയോട് ചേർന്ന ഭാഗത്തെ തൂണാണ് മൂന്നു വർഷം മുൻപ് കനത്ത മഴയിൽ ആദ്യം നിലംപൊത്തിയത്. തുടർന്ന് കഴിഞ്ഞവർഷം മറ്റൊരു തൂണും കൂടി നിലംപൊത്തി. കരിക്കോട്ടക്കരി ഭാഗത്തുള്ള പുഴയിലെ രണ്ടു തൂണിലാണ് പാലം ഇപ്പോൾ നിൽക്കുന്നത്. നാട്ടുകാർ വാഹനങ്ങളിലും മറ്റും പോകാൻ ഈ പാലം തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ആറളം അയ്യൻക്കുന്ന് പഞ്ചായത്തുകളിലെ അതിർത്തിയിൽ കിടക്കുന്ന ഈ പാലം വലിയ ദുരിതം വരുന്നതിന് മുൻപ് എത്രയും പെട്ടെന്ന് പുതുക്കിപ്പണിയുകയോ ബലപ്പെടുത്തുകയോ വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇതിനായി എം എൽ എ ഫണ്ടോ മറ്റ് ഫണ്ടുകളോ ഉപയോഗിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group