മുംബൈ: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി പൗഡര്‍ നിര്‍മാണ ലൈസന്‍സ് റദ്ദാക്കി മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍. പൊതുആരോഗ്യ താല്‍പര്യം കണക്കിലെടുത്താണ് നടപടിയെന്ന് മഹാരാഷ്ട്ര എഫ്ഡിഎ അറിയിച്ചു. കമ്പനിയുടെ പൗഡര്‍ നവജാതശിശുക്കളുടെ ത്വക്കിനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ ഏജന്‍സി വെളളിയാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കറിപ്പില്‍ പറയുന്നു. ലാബ് പരിശോധനയില്‍ പിഎച്ച് മൂല്യം സംബന്ധിച്ച മാനദണ്ഡം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതായി എഫ്ഡിഎ അറിയിച്ചതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
പുണെ, നാസിക്ക് എന്നിവിടങ്ങളില്‍ നിന്നാണ് പൗഡറിന്റെ സാംപിളുകള്‍ ശേഖരിച്ച് ലാബ് പരിശോധന നടത്തിയത്. കൊല്‍ക്കത്ത ആസ്ഥാനമായ സെന്‍ട്രല്‍ ലബോറട്ടറിയില്‍ നടത്തിയ പിഎച്ച് പരിശോധനയില്‍ ഐഎസ് 5339:2004 എന്ന മാനദണ്ഡം പൗഡര്‍ പാലിക്കുന്നില്ലെന്ന് വ്യക്തമായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തുടര്‍ന്ന് 1940 ലെ ഡ്രഗ്‌സ് കോസ്‌മെറ്റിക്‌സ് നിയമപ്രകാരം കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. വിപണിയില്‍നിന്ന് ഉല്‍പന്നം പിന്‍വലിക്കണമെന്നും കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ സര്‍ക്കാര്‍ ലാബിലെ പരിശോധനാഫലം അംഗീകരിക്കാന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി തയാറായിട്ടില്ല. പരിശോധനാ റിപ്പോര്‍ട്ടിനെതിരെ കമ്പനി കോടതിയെ സമീപിച്ചു.
إرسال تعليق