മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും തള്ളി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കാഞ്ഞങ്ങാട് - കാണിയൂർ റെയിൽപാത, നിലമ്പൂർ - നഞ്ചൻകോട് റെയിൽപാത, മൈസൂരു-തലശേരി റെയിൽപാതകൾ സാധ്യമല്ലെന്ന് കർണാടക അറിയിച്ചു. ബന്ദിപ്പൂർ വനത്തിൽ കൂടിയുള്ള രാത്രിയാത്രയ്ക്കുള്ള അനുമതി ആവശ്യവും തള്ളി. നിലവിലുള്ള രണ്ടു ബസുകളുടെ അനുമതി നാലായി വർധിപ്പിക്കാനാവില്ലെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.
വനത്തിൽ കൂടിയുള്ള റെയിൽ പാതകൾക്കും റോഡിലെ യാത്രാ നിരോധന ഇളവും പാരിസ്ഥിതിക കാരണം ചൂണ്ടിക്കാട്ടിയാണ് കർണാടക തള്ളിയത്. ഒന്നിനും കേന്ദ്ര പരിസ്ഥിതി മന്ത്രലയത്തിന്റെ അനുമതി ലഭിക്കില്ലെന്നാണ് കർണാടക ചൂണ്ടിക്കാട്ടുന്നത്. ഇന്ന് രാവിലെയാണ് പിണറായി വിജയനും ബസവരാജ് ബൊമ്മെയും കൂടിക്കാഴ്ച നടത്തിയത്. സിൽവർ ലൈൻ മംഗലാപുരത്തേക്കു നീട്ടുന്നത് ചർച്ച ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും കൂടിക്കാഴ്ചയിൽ വിഷയമായില്ല.
കർണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കൃഷ്ണയിലായിരുന്നു കൂടിക്കാഴ്ച. ചർച്ചയിൽ മുഖ്യമന്ത്രിമാര്‍ക്കൊപ്പം കർണാടക ഹൗസിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ വകുപ്പ് മന്ത്രി വി സോമണ്ണ, കേരള ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, കർണാടക ചീഫ് സെക്രട്ടറി വന്ദിത ശർമ്മ, കേരള തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ, കർണാടക ഗവൺമെന്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
إرسال تعليق