യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെതിരെ ഉള്ളത് 7 കേസെന്ന് തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.
ജുലൈ 20 നായിരുന്നു ഫര്‍സീനെതിരെ കാപ്പ ചുമത്തുന്നതുമായി ബന്ധപ്പെട്ട വിഷയം പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തിയത്. ഫര്‍സീനെതിരെ 19 കേസ് ഉണ്ടെന്ന് സഭയില്‍ വിശദീകരിച്ച് അന്ന് മുഖ്യമന്ത്രി പ്രതിപക്ഷ പരിഹസിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സഭയില്‍ മുനീറിന് നല്‍കിയ മറുപടിയിലാണ് കേസുകള്‍ 19 ല്‍ നിന്ന് 7 ആക്കി മുഖ്യമന്ത്രി തിരുത്തിയത്.
വിമാനത്തിലെ പ്രതിഷേധമടക്കമാണ് 7 കേസുകള്‍. ഇതില്‍ ആറ് കേസുകള്‍ മട്ടന്നൂര്‍ സ്റ്റേഷനിലാണ് രജിസ്റ്റര്‍ ചെയ്തത്. ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുടേയും പ്രകടനങ്ങളുടേയും പേരിലാണ് ഇതില്‍ പല കേസുകളും. എടയന്നൂര്‍ സ്കൂളിന് മുന്നില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തില്‍ 2017 ല്‍ ഒരു വധശ്രമക്കേസും ഫര്‍സീന് എതിരെയുണ്ട്.
അതിനിടെ മുഖ്യമന്ത്രിയുടെ തിരുത്തില്‍ പ്രതികരിച്ച് ഫര്‍സീന്‍ രംഗത്തെത്തി. തനിക്കെതിരായ പച്ചക്കള്ളം മുഖ്യമന്ത്രി ആവര്‍ത്തിച്ചപ്പോള്‍ തെളിയിക്കാന്‍ താന്‍ വെല്ലുവിളിച്ചതാണെന്നും തനിക്കേ വേണ്ടി സഭയില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയ നേതാക്കള്‍ക്ക് നന്ദി പറയുകയാണെന്നും ഫര്‍സീന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് ഇങ്ങനെ-'19 കേസുള്ള കുഞ്ഞ് എന്ന് പറഞ്ഞ് കേരളത്തിന്റെ നിയമസഭയില്‍ നിന്ന് മുഖ്യമന്ത്രി പച്ചക്കള്ളം പറഞ്ഞപ്പോള്‍ ഞാന്‍ പല വട്ടം ആവര്‍ത്തിച്ചിരുന്നു ആ 19കേസുകള്‍ ഉണ്ട് എന്ന് തെളിയിക്കാന്‍.
നിയമ സഭയില്‍ തന്നെ പ്രതിപക്ഷ നേതാവ് വെല്ലു വിളിച്ചിരുന്നു.അതെ മുഖ്യമന്ത്രി തന്നെ അതെ നിയമസഭയില്‍ വന്ന് ഡോ.എം.കെ മുനീര്‍ എം.എല്‍.എ യുടെയും,സജീവ് ജോസഫ് എം.എല്‍.എ യുടെയും ചോദ്യത്തിന് മറുപടിയായി എന്റെ പേരില്‍ കേവലം 7കേസുകള്‍ മാത്രമേ നിലവില്‍ ഉള്ളു എന്ന് സമ്മതിച്ചിരിക്കുന്നു...!
ബാക്കി ചോദ്യങ്ങളും വിചിത്രമായ ഉത്തരങ്ങളും കേരളത്തിലെ നന്മയുള്ള പൊതുസമൂഹത്തിന്റെ അറിവിലേക്കായി സമര്‍പ്പിക്കുന്നു. എന്റെ പേരില്‍ കാപ്പ നിങ്ങള്‍ ചുമത്തിയാലും ഇല്ലെങ്കിലും ഈ നല്‍കിയിരിക്കുന്ന മറുപടികള്‍ വരും കാല കേരളത്തിലെ എസ്.എഫ്.ഐ,ഡി.ഫി ക്കാരുടെ ഭാവി നിര്‍ണ്ണയിക്കുന്ന മറുപടിയാവും'. പോസ്റ്റില്‍ പറഞ്ഞു.
മട്ടന്നൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച സംഭവത്തില്‍ ഫര്‍സീന്‍ മജീദിനെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടയിലാണ് ഫര്‍സീനെതിരെ കാപ്പ ചുമത്താന്‍ നീക്കം ആരംഭിച്ചത്. കേസുകളുടെ എണ്ണവും കേസുകളുടെ സ്വഭാവവും പരിഗണിക്കുമ്ബോള്‍ കണ്ണൂര്‍ ജില്ലയില്‍ നിന്ന് നാടുകടത്തണമെന്നായിരുന്നു പോലീസിന്റെ ആവശ്യം.
إرسال تعليق