ഇരിട്ടി: ആറളം പാലത്തിന് സമീപം ജനവാസ മേഖലയില്‍ എത്തിയ രണ്ടു കൊമ്ബനാനകളെ 11 മണിക്കൂറിലധികം നീണ്ട ശ്രമത്തിനൊടുവില്‍ വനപാലക സംഘം വനത്തിലേക്ക് തുരത്തി.
ആറളം വന്യജീവി സങ്കേതത്തില്‍നിന്നും പത്തു കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്താണ് ആന എത്തിയത്. ഫാം പുനരധിവാസ മേഖലയും ആറളം ഫാമും കടന്നാണ് രണ്ട് കൊമ്ബനാനകളും പുഴയോരത്ത് എത്തിയത്. പുഴയുടെ ഇരുകരകളിലും നിരവധി വീടുകളും പുഴയിലേക്ക് കുളിക്കാനും പശുക്കളെ മേയ്ക്കാനുമായി നിരവധി പേരും എത്തുന്ന സ്ഥലത്താണ് ആനക്കൂട്ടം നിലയുറപ്പിച്ചത്. കൊട്ടിയൂര്‍ റേയ്ഞ്ചര്‍ സുധീര്‍ നെരോത്ത്, ഇരിട്ടി ഫോറസ്റ്റര്‍ കെ. ജിജില്‍ എന്നിവരുടെ നേതൃത്വ
ത്തില്‍ വനം വകുപ്പിന്റെ ആര്‍ആര്‍ടിയും വാച്ചര്‍മാരും നിലയുറപ്പിച്ചു. തുരുത്തില് ആനയുടെ ചലനം ഏറെ നേരം നിരീക്ഷിച്ച ശേഷം പതിനൊന്ന് മണിയോടെ തുരത്താന്‍ തുടങ്ങി. പുഴക്കരയില്‍ പൊന്തക്കാടുകള്‍ ഉള്ളത് ശ്രമം ദുഷ്കരമാക്കി.
പടക്കം പൊട്ടിച്ച് തുരുത്തില്‍നിന്നും മെല്ലെ പുറത്തേക്ക് കടത്താനായിരുന്നു ശ്രമിച്ചത്. ഇതിനിടയില്‍ രണ്ട് ആനകളും വനപാലക സംഘത്തിന് നേരെ തിരിഞ്ഞു. പുഴക്കരയിലെ കൂറ്റന്‍ മരത്തില്‍ കയറി പടക്കം പൊട്ടിച്ച് ആറളം പാലത്തിന് അടിവശത്തുകൂടെ തുരത്താനായിരുന്നു പദ്ധതി.
ആദ്യ മൂന്ന് തവണയും കുറച്ച് ദൂരം പിന്നിട്ടശേഷം ആനകള്‍ രണ്ടും ആദ്യം നിന്ന സ്ഥലത്തേക്ക് തന്നെ തിരിച്ചെത്തിയതോടെ ശ്രമം ദുഷ്കരമായി. ആറളം പാലത്തിന് മുകളില്‍ നിരവധി പേര് തടിച്ചുകൂടിയിരുന്നു. പാലത്തിന്റെ ഇരുവശങ്ങളിലേക്കും ജനങ്ങളെ മാറ്റിയ ശേഷം പാലത്തില്‍ ഇരുഭാഗത്തും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി. ഉച്ചയ്ക്ക് ഒന്നു വരേയും ശ്രമം തുടര്‍ന്നെങ്കിലും ജനങ്ങളുടെ സാന്നിധ്യം തുരത്തലിന് വിഘാതമായി.
പാലത്തില്‍ നിന്നും ജനങ്ങളെയെല്ലാം മാറ്റിയ ശേഷം ഉച്ചകഴിഞ്ഞു മൂന്നിന് വീണ്ടും ശ്രമം തുടങ്ങി. ഏറെ ദൂരം മുന്നോട്ട് നീങ്ങിയ ആന പെട്ടെന്ന് വനപാലകര്‍ക്ക് നേരെ തിരിയുകയും തിരിഞ്ഞോടുകയും ചെയ്തു. ഒടുവില്‍ ഇന്നലെ വൈകുന്നേരം ആറോടെ പാലത്തിനടിവശത്തുകൂടിയാണ് ആനകളെ വനത്തിലേക്ക് തുരത്തിയത്.
إرسال تعليق