Join News @ Iritty Whats App Group

കളമശേരി ബസ് കത്തിക്കൽ കേസ്: തടിയന്‍റവിട നസീറിനും സാബിർ ബുഹാരിക്കും ഏഴ് വർഷം കഠിന തടവ്; താജുദ്ദീന് ആറു വർഷം കഠിന തടവ്


കൊച്ചി: കളമശേരി ബസ് കത്തിക്കൽ കേസിൽ മുഖ്യപ്രതികളായ തടിയന്‍റവിട നസീറിനും സാബിർ ബുഹാരിക്കും ഏഴ് വർഷം കഠിന തടവ്. മറ്റൊരു പ്രതിയായ താജുദ്ദീന് ആറു വർഷം കഠിന തടവും ശിക്ഷ ലഭിച്ചു. ഇതു കൂടാതെ തടിയന്റവിട നസീറിനും സാബിർ ബുഹാരിക്കും വിവിധ വകുപ്പുകളിലായി 39 1/2 വർഷം തടവ് ശിക്ഷയും അനുഭവിക്കണം. താജുദ്ദീന് വിവിധ വകുപ്പുകളിലായി 35 വർഷം തടവ് അനുഭവിക്കണം.
കൊച്ചി എൻ ഐ എ കോടതിയാണ് ശിക്ഷ വിധിച്ചത്. കഠിന തടവ് കൂടാതെ മൂന്നു പ്രതികൾക്കും പിഴശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയായ തടിയന്റവിട 1,75000 രൂപയും സാബിർ 1,75000 രൂപയും താജുദ്ദീൻ 1,10000 രൂപയും പിഴയായി ഒടുക്കണം.

തടിയൻറവിട നസീർ, സാബിർ, താജുദ്ദീൻ എന്നിവരാണ് കേസിലെ കുറ്റക്കാർ. പ്രതികൾ കുറ്റം സമ്മതിച്ചതിനാൽ വിചാരണ പൂ‍ർത്തിയാക്കാതെയാണ് എൻഐഎ കോടതി ശിക്ഷാവിധി പുറപ്പെടുവിച്ചത്. റിമാൻഡ് കാലാവധി ശിക്ഷാകാലവധിയായി കണക്കാക്കുമെന്നതിനിലാണ് പ്രതികൾ കോടതിയിൽ കുറ്റം സമ്മതിച്ചതെന്നും സൂചനയുണ്ട്. കേസിലെ 11 പ്രതികളിൽ ഒരാളെ നേരത്തെ വെറുതെ വിട്ടിരുന്നു.

കോയമ്പത്തൂർ സ്ഫോടന കേസിൽ ജയിലിൽ കഴിയുന്ന പിഡിപി നേതാവ് അബ്ദുൽ നാസർ മദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ 2005 സെപ്റ്റംബർ 9 നാണ് കളമശ്ശേരിയിൽ പ്രതികൾ ബസ് കത്തിക്കുന്നത്. ബസ് കത്തിക്കൽ കേസിൽ അഞ്ചാം പ്രതിയായ കെ. എ. അനൂപിന് കഴിഞ്ഞ വർഷം ജൂലൈയിൽ ആറ് വർഷം കഠിന തടവും 1,60,000 രൂപ പിഴയും വിധിച്ചിരുന്നു. അനൂപ് ഒഴികെയുള്ള പ്രതികൾ പല കേസുകളിലായി തടവിൽ തുടരുന്നതാണ് വിചാരണ വൈകാൻ ഇടയാക്കിയത്. 2010ൽ കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും കേസിന്റെ വിചാരണ 2019 ൽ മാത്രമാണ് തുടങ്ങിയത്. തടിയന്റവിട നസീർ, പത്താം പ്രതി സൂഫിയ മഅ്ദനി ഉൾപ്പെടെ 13 പ്രതികളുടെ വിചാരണയായിരുന്നു നടന്നിരുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group