ഇരിട്ടി: സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനും മദ്യ നിരോധന സമിതിയുടെ മുന്നണി പോരാളിയുമായ കെ. അപ്പനായർ (101) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കീഴൂർകുന്ന് പാലാപ്പറമ്പിലെ മകന്റെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുന്നതിനിടെ തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം. വിദ്യാർത്ഥിയായിരിക്കുമ്പോൾ സ്വാതന്ത്ര്യ സമരത്തിലിറങ്ങിയ അപ്പനായർ ഒരു തവണ ഗാന്ധിജിയെ നേരിൽ കണ്ടിരുന്നതായും അത് തന്റെ സുകൃതമായിരുന്നു എന്നും അപ്പനായർ പറഞ്ഞിരുന്നു. ഗാന്ധിജി തിരുവന്തപുരത്തുനിന്നും കസ്തൂർഭായ്‌ക്കൊപ്പം മംഗലാപുരത്തേക്കുള്ള യാത്രയ്ക്കിടിയിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് അദ്ദേഹം ഗാന്ധിജിയെ നേരിൽ കണ്ടത്.
വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സ്വതന്ത്ര്യ സമരത്തിൽ ഇറങ്ങി നിരവധി സമരങ്ങളിൽ പങ്കെടുത്തു. സമരത്തിൽ പങ്കെടുത്തതിന് പോലീസ് കേസെടുത്തതോടെ തമിഴ്്‌നാട്ടിലേക്ക് ഒളിവിൽപോയി. വർഷങ്ങൾക്ക് ശേഷം നാട്ടിൽ നാട്ടിൽ തിരിച്ചെത്തി. പഴയങ്ങാടിയിലാണ് ജനിച്ചതെങ്കിലും തില്ലങ്കേരിയിലെ അമ്മാവന്റെ മകൾ ലക്ഷ്മിയെ വിവാഹം കഴിച്ചതോടെ പിന്നീടുള്ള പ്രവർത്തനം തില്ലങ്കേരിയിലും ഇരിട്ടിയിലുമായി.
ഖാദിമുണ്ടും ഷർട്ടും ഖാദിത്തൊപ്പിയും ധരിച്ച് കെ.എസ്.ആർ.ടി.സി ബസ്സുകളിൽ മാത്രമായിരുന്നു യാത്ര.ഗാന്ധിയൻ ദർശനങ്ങൾ എഴുതിയും പ്രിന്റ് ചെയ്തു യാത്രയ്ക്കിടയിൽ ബസ്സിലും മറ്റും വിതരണം ചെയ്തുള്ള ഗാന്ധിയൻ പ്രചാരണം. ഗാന്ധിയൻ ആശയമായ മദ്യനിരോധനത്തിനായി വീറോടെ പ്രവർത്തിച്ചു. പഞ്ചായത്ത് രാജ് നിയമത്തിൽ പഞ്ചായത്തുകൾക്കുണ്ടായിരുന്ന മദ്യനിരോധനാധികാരം പുനസ്ഥാപിച്ചു കിട്ടുന്നതിനായി 953ദിവസം മലപ്പുറം കലക്ടേറ്റിന് മുന്നിൽ ആദ്യാവസാനം വരെ സത്യാഗ്രഹമിരുന്ന സത്യാഗ്രഹിയാണ് അപ്പനായർ. പിന്നീട് ഇതേ ആവശ്യം ഉന്നയിച്ച് 114 ദിവസം തിരുവന്തപുരം സെക്രട്ടറിയേറ്റിലും സത്യാഗ്രഹമിരുന്നു. സമരത്തിന്റെ ഫലമായാണ് സർക്കാർ പഞ്ചായത്തുകൾക്ക് അധികാരം പുനസ്ഥാപിച്ചു നിൽകിയത്. പിന്നീട് അത് പിൻവലിക്കുകയും ചെയ്തു. താമരശേരി കാരാടിയിൽ ഹൈക്കോടതിയുടെ സംരക്ഷണത്തിൽ പ്രവർത്തിച്ച ബാറിനെതിരെ നാട്ടുകാരും മദ്യവിരുദ്ധ പ്രവർത്തകരും അഞ്ചുകൊല്ലമായി നടത്തിയ സമരം വിജയത്തിൽ എത്തിക്കുന്നതിലും അപ്പനായർ നേതൃത്വപരമായ പങ്ക് വഹിച്ചു. ഗാന്ധിജി മാതൃഭൂമി സന്ദർശിച്ചതിന്റെ 75-ാം വാർഷികത്തിൽ മാതൃഭൂമി അപ്പനായരെ ആദരിച്ചിരുന്നു. നിരവധി ഗാന്ധിയൻ സംഘടനകളും രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും കീഴൂരിലെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. മുഖ്യമന്ത്രിക്കുവേണ്ടി ഇരിട്ടി തഹസിൽദാർ സി.വി. പ്രകാശനും സംസ്ഥാന സർക്കാരിനുവേണ്ടി എ ആർ തഹസിൽദാർ എം. ലക്ഷ്മണനും കലക്ടർക്കുവേണ്ടി കീഴൂർ വില്ലേജ് ഓഫീസർ കെ.ടി. ഹരി കൃഷ്ണനും അപ്പനായരുടെ മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു. ഉച്ചക്ക് 12മണിയോടെ ചാവശേരി പറമ്പിലെ പൊതു ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളെ സംസ്‌ക്കാര ചടങ്ങ് നടത്തി.
إرسال تعليق