കണ്ണൂർ കോളയാട് പഞ്ചായത്തിലെ ചെക്യേരിയിലുണ്ടായ ഉരുൾപൊട്ടലിനെ അതിസാഹസികമായി മറികടന്ന് ഒരു നാലാം ക്ലാസുകാരൻ. രക്ഷപ്പെടാനായി കണ്ണവം കാട്ടിലേക്ക് കുടുംബത്തോടൊപ്പം ഓടിയ അർഷലെന്ന കുരുന്ന് പിന്നീട് വനത്തിൽ ഒറ്റപ്പെട്ടു. മണിക്കൂറുകൾക്ക് ശേഷമാണ് അർഷലിനെ ബന്ധുക്കൾക്ക് കണ്ടെത്താനായത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടോടെയാണ് കോളയാട് പഞ്ചായത്തിലെ ചെക്യേരി പൂളക്കുണ്ട് കോളനിയിൽ ഉരുൾപൊട്ടലുണ്ടായത്. ഉരുൾപൊട്ടലിന്റെ ഉഗ്രശബ്ദം കേട്ട് എട്ടുവയസുകാരൻ അർഷലും കുടുംബവും കണ്ണവം വനത്തിലേക്ക് ഓടിക്കയറി. ഇടക്ക് വെച്ച് അർഷൽ കൂട്ടംതെറ്റി. കനത്ത മഴ, കൊടുംകാട്, കൂരിരുട്ട്. നാലാം ക്ലാസുകാരൻ അർഷൽ ഒറ്റയ്ക്ക്. തനിച്ചായെങ്കിലും അർഷൽ ധൈര്യം കൈവെടിഞ്ഞില്ല. അച്ഛനും ബന്ധുക്കളും തേടിയെത്തും വരെ, രണ്ടു മണിക്കൂറോളം കണ്ണവം വനത്തിൽ.
ദുരിതം പെയ്തിറങ്ങിയ രാത്രിയിൽ എല്ലാം ഉപേക്ഷിച്ച് പ്രാണൻ കയ്യിൽ പിടിച്ച് ഓടിയപ്പോഴും സമ്മാനമായി ലഭിച്ച ഏറ്റവും പ്രിയപ്പെട്ട ട്രോഫികളും അർഷൽ ബാഗിലാക്കി കയ്യിൽ കരുതിയിരുന്നു. വീടിന് മുകളിലേക്ക് കുത്തിയൊലിച്ചെത്തുന്ന മലവെള്ളത്തിന് അവ വിട്ടുകൊടുക്കാൻ ഈ കുരുന്ന് മനസ്സ് ഒരുക്കമായിരുന്നില്ല.അച്ഛനും അമ്മയ്ക്കും ഒപ്പം പെരുന്തോട്ട വേക്കളം സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിലാണ് അർഷൽ കഴിയുന്നത്. ഫുട്‌ബോൾ മത്സരത്തിലും, പഠന മികവിനും ലഭിച്ച ഈ ട്രോഫികൾ എല്ലാം സുരക്ഷിതമായി വെക്കാൻ കഴിയും വിധം വീട്ടിലേക്ക് ഇനിയെന്ന് മടങ്ങാനാകുമെന്ന് അർഷലിന് അറിയില്ല.
إرسال تعليق