Join News @ Iritty Whats App Group

'ജെന്‍ഡര്‍ന്യൂട്രല്‍ യൂണിഫോം അരാജകത്വമുണ്ടാക്കും'; സർക്കാരിനെതിരെ മുസ്ലിം സംഘടനകൾ


കോഴിക്കോട്: പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ കലാലയങ്ങളില്‍ ലിബറല്‍ ആശയങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി മുസ്ലിം സംഘടനകള്‍. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കുന്നത് വിശ്വാസത്തിനും ധാര്‍മ്മിക മുല്യങ്ങള്‍ക്കും വിരുദ്ധമാണ്. ജെന്‍ഡര്‍ന്യൂട്രല്‍ യൂണിഫോം അരാജകത്വമുണ്ടാക്കും. സര്‍ക്കാര്‍ നീക്കത്തിനെതിരെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനും ജനങ്ങളെ ബോധവത്കരിക്കാനും കോഴിക്കോട് ചേര്‍ന്ന മുസ്ലിം സംഘടനകളുടെ യോഗം തീരുമാനിച്ചു.
പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ കലാലയങ്ങളില്‍ ലിബറലിസം അടിച്ചേല്‍പ്പിക്കുന്നുവെന്നാണ് മുസ്ലിം സംഘടനകളുടെ വിമര്‍ശനം. ഇത് കുടുംബ ധാര്‍മ്മിക മതവിശ്വാസ മൂല്യങ്ങള്‍ക്കെതിരാണ്. സര്‍ക്കാര്‍ നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും. ജനങ്ങളെ ബോധവത്കരിക്കും. പാണക്കാട് റശീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

'കേരളീയ സമൂഹം കുടുംബ ഘടനക്കും ധാർമ്മിക മൂല്യങ്ങൾക്കും വിലകൽപ്പിക്കുന്നവരാണ്. കേരളത്തിൽ ഭൂരിഭാഗം ജനങ്ങളും മതവിശ്വാസികളാണ്. വ്യത്യസ്ത ആശയങ്ങളും മൂല്യങ്ങളും മുറുകെ പിടിക്കുന്നവർക്ക് അതിനുള്ള സ്വാതന്ത്ര്യം നൽകലാണ് ജനാധിപത്യം. മതവിശ്വാസികൾക്ക് അവരുടേതായ ജീവിത മര്യാദകളും വിശ്വാസങ്ങളുമുണ്ട്. അതിനെയെല്ലാം റദ്ദ് ചെയ്ത് ഏകപക്ഷീയമായി കേരളത്തിലെ കലാലയങ്ങളിൽ ലിബറൽ ആശയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഫാസിസ്റ്റ് പ്രവണതയാണ്. ലിംഗവിവേചനം അവസാനിപ്പിക്കാൻ ജന്ററൽ ന്യൂട്രാലിറ്റിയാണ് വേണ്ടത് എന്ന വാദം സമൂഹത്തെ തികഞ്ഞ അരാജകത്വത്തിലേക്കാണ് നയിക്കുക. പാഠ്യപദ്ധതിയിലൂടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ജൻഡർ ന്യൂട്രൽ ആശയങ്ങളെയാണ് ഞങ്ങൾ ചോദ്യം ചെയ്യുന്നത്. ഇത് കേവല വസ്ത്രത്തിന്റെ മാത്രം വിഷയമല്ല. ഇടത് പക്ഷ സർക്കാർ കലാലയങ്ങളിൽ ലിബറൽ വാദങ്ങളെ നിർബന്ധ പൂർവ്വം നടപ്പിലാക്കാൻ ശ്രമിക്കുന്നത് പ്രതിഷേധാർഹമാണ്. ഈ ശ്രമത്തിൽ നിന്ന് സർക്കാർ പിന്മാറണം'. റശീദലി തങ്ങൾ പറഞ്ഞു.

കേവലം വേഷത്തിന്റെ പ്രശ്‌നമം മാത്രമല്ലെന്നും ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിന് അന്താരാഷ്ട്ര മാനങ്ങളുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്ലിം ലീഗ് ആക്ടിങ് സെക്രട്ടറി പി.എംഎ സലാം, എം. കെ മുനീര്‍ എം.എല്‍.എ എന്നിവര്‍ക്ക് പുറമെ സമസ്ത ഇ.കെ വിഭാഗം പ്രതിനിധിയായി ഡോ. ബഹാവുദ്ധീന്‍ നദ് വി യോഗത്തില്‍ പങ്കെടുത്തു. വഖഫ് വിഷയത്തില്‍ ലീഗ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്ന് വിട്ടുനിന്നിരുന്ന സമസ്ത എ.പി വിഭാഗം പ്രതിനിധി ഇന്നത്തെ യോഗത്തിനെത്തി. പത്തോളം മുസ്ലിം സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ സാദിഖലി തങ്ങളുടെ അഭാവത്തിൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ചർച്ച ഉദ്ഘാടനം ചെയ്തു. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ഡോ. എം.കെ മുനീർ എം.എൽ.എ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഡോ.ബഹാഉദ്ധീൻ മുഹമ്മദ് നദ് വി കൂരിയാട്, പ്രൊഫ. എ.കെ അബ്ദുൽ ഹമീദ്, ശൈഖ് മുഹമ്മദ് കാരക്കുന്ന്, പി.എൻ അബ്ദുൽ ലത്തീഫ് മൗലവി, ടി.കെ അഷ്റഫ്, അഡ്വ ഹനീഫ്, സി.മരക്കാരുട്ടി, അബ്ദുൽ സലാം വളപ്പിൽ, ഇ.പി അഷ്റഫ് ബാഖവി, ശിഹാബ് പൂക്കോട്ടൂർ, പ്രൊഫ. കടവനാട് മുഹമ്മദ്, എഞ്ചിനീയർ പി.മമ്മദ് കോയ പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group