കേളകം: നാളിതുവരെ മലയോര ജനത കണ്ടിട്ടില്ലാത്ത ദുരിതപ്പെയ്ത്തില്‍ കുത്തിയൊഴുകിവന്ന ദുരന്തം നക്കിത്തുടച്ചത് നാടിന്റെ സന്തോഷവും കാര്‍ഷിക സമൃദ്ധിയും.
തീവ്രമഴ മണിക്കൂറുകള്‍ മാത്രം വര്‍ഷിച്ചപ്പോഴുണ്ടായ ദുരന്തത്തില്‍ പ്രിയപ്പെട്ടവരുടെ വേര്‍പാട് നാടിന് താങ്ങാവുന്നതിനപ്പുറമായിരുന്നു. ഓടിക്കളിച്ച വഴികളില്‍ അപ്രതീക്ഷിതമായുണ്ടായ പ്രളയക്കുത്തൊഴുക്കില്‍ നിടുംപുറംചാല്‍ സ്വദേശികള്‍ക്ക് നഷ്ടമായത് തങ്ങളുടെ ചിരിക്കുടുക്ക രണ്ടര വയസ്സുകാരി മകള്‍ നൂമ തസ്മീനെയാണ്.കുരുന്ന് നൂമയുടെ ചേറ്റില്‍പുതഞ്ഞ കുഞ്ഞുടുപ്പും അവള്‍ ചേര്‍ത്തുപിടിച്ച് കിടന്നുറങ്ങാറുള്ള കുഞ്ഞുപാവയും പിച്ചവെച്ചുനടന്നിടത്ത് ബാക്കിയാക്കിയാണ് അവള്‍ നൊമ്ബരക്കടലായി മടങ്ങിയത്. വെള്ളറ കോളനിയിലൂടെ കുത്തിയൊഴുകിയ ഉരുള്‍ വെള്ളത്തില്‍ കണിച്ചാല്‍ അരുവിക്കല്‍ ഹൗസില്‍ രാജേഷ് (45), മണ്ണാളി ചന്ദ്രന്‍ (55) എന്നിവരും നാടിന്റെ വേദനയായി. നൂമ തസ്നീമയെ പത്തനംതിട്ടയിലെ വീടിനോടു ചേര്‍ന്ന മസ്ജിദിലെ ഖബറിടത്തിലും ചന്ദ്രന്റെയും രാജേഷിന്റെയും മൃതദേഹങ്ങള്‍ സ്വന്തം കോളനിഭൂമിയിലും സംസ്കരിച്ചു.
വയനാടന്‍ ചുരം പാതയുടെ ചെങ്കുത്തായ മലനിരകളിലുണ്ടായ ഭീതിജനകമായ ഉരുള്‍പൊട്ടലിലാണ് താഴ്വാരത്തെ 15 കിലോമീറ്ററോളം പ്രദേശത്തെ നൂറുകണക്കിനേക്കര്‍ കൃഷിയിടങ്ങളില്‍ മണ്ണും കല്ലും നിറച്ചത്. കോടികളുടെ വിളനാശം നേരിട്ടതിന്റെ ഭീതിദമായ ഞെട്ടലിലാണ് കണിച്ചാര്‍, പേരാവൂര്‍ പഞ്ചായത്തുകളിലെ നൂറുകണക്കിന് ജനങ്ങള്‍. പ്രളയകുത്തൊഴുക്കില്‍ കുമിഞ്ഞുകൂടിയ കാര്‍ഷിക വിഭവങ്ങളുടെ ശവപ്പറമ്ബില്‍ കണ്ണീര്‍ വാര്‍ക്കുന്ന കര്‍ഷകര്‍ക്കിനി പ്രത്യാശയാവേണ്ടത് അധികൃതരുടെ കനിവു മാത്രം.
إرسال تعليق