സംസ്ഥാനത്ത് മഴ ശക്തമായതോടെ വിവിധ ജില്ലകളിലായി പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
വിവിധ ജില്ലകളിൽ മഴയെ തുടർന്ന് വെള്ളപൊക്കം ശക്തമാകുകയാണ്. നെയ്യാറിൽ ജലനിരപ്പ് ഉയർന്നതോടെ ആദിവാസി ഊരുകൾ ഒറ്റപ്പെട്ട നിലയിലാണ്. കല്ലാർ – പൊൻമുടി റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. നെയ്യാറ്റിൻകര വെള്ളറടയിൽ കാറിന് മുകളിൽ മണ്ണിടിഞ്ഞ് വീണു. താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായി. തീരദേശ മേഖലകളിലും മഴ ശക്തമാകുകയാണ്. പൂവാർ പൊഴിയൂർ തെക്കേ കൊല്ലംകോട് തുടങ്ങിയ പ്രദേശങ്ങളിലെ പലയിടങ്ങളിലും തീരം കടലെടുത്തു. കോട്ടയത്ത് പല പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.
ഓഗസ്റ്റ് 4 വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവജാഗ്രത പാലിക്കണം. മഴ ശക്തമായ സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്
إرسال تعليق