കണ്ണൂര്‍: വിജിലൻസ് പിടികൂടിയ കെഎസ്ഇബി സബ്ബ് എഞ്ചിനീയര്‍ കൈക്കൂലി പണം വിഴുങ്ങിയതായി സംശയം. അഴീക്കോട് കെഎസ്ഇബിയിലെ സബ്ബ് എഞ്ചിനീയറായ ജിയോ എം ജോസഫാണ് വിജിലൻസ് ഉദ്യോഗസ്ഥര്‍ പിടികൂടുന്നത് തടയാനായി പണം വിഴുങ്ങിയതായി സംശയിക്കുന്നത്.
സംഭവത്തെക്കുറിച്ച് വിജിലൻസ് ഉദ്യോഗസ്ഥര്‍ പറയുന്നത് ഇങ്ങനെ - ജിയോ എം ജോസഫ് കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പൂതപ്പാറ സ്വദേശിയായ അബ്ദുൾ ഷുക്കൂര്‍ പരാതിയുമായി വിജിലൻസിനെ സമീപിച്ചിരുന്നു. വിജിലൻസ് നൽകിയ നോട്ടുമായി ഇയാൾ ജിയോ എം ജോസഫിനെ കാണുകയും പണം കൈമാറുകയും ചെയ്തു.
ഇടപാട് നടന്നതിന് തൊട്ടുപിന്നാലെ ഒളിച്ചിരുന്ന വിജിലൻസ് സംഘം ജിയോ ജോസഫിനെ പിടികൂടി. എന്നാൽ ദേഹപരിശോധന നടത്തിയിട്ടും പരിസരത്ത് തെരഞ്ഞിട്ടും അബ്ദുൾ ഷുക്കൂര്‍ നൽകിയ പണം മാത്രം കണ്ടെത്താൻ സാധിച്ചില്ല. ഇതോടെയാണ് ഇയാൾ പണം വിഴുങ്ങിയെന്ന സംശയം വിജിലൻസിനുണ്ടായത്.
ഇതോടെ ഇയാളുമായി വിജിലൻസ് സംഘം ആശുപത്രിയിൽ എത്തി. എന്നാൽ എൻഡോസ്കോപ്പി ചെയ്യാനുള്ള ഡോക്ടര്‍മാരുടെ നിര്‍ദേശത്തോട് ജിയോ ജോസഫ് സഹകരിക്കുന്നില്ലെന്നാണ് വിവരം. എറണാകുളം ആലങ്ങാട് സ്വദേശിയാണ് ജിയോ ജോസഫ്. വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിൻ്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് ജിയോ ജോസഫിനെ പിടികൂടിയത്.
إرسال تعليق