മറിയുമ്മയുടെ ഇംഗ്ലീഷും രുചിക്കൂട്ടുകളും ഒരുപോലെ ലോകത്തെ മുഴുവനും സ്വാംശീകരിക്കുന്നതായിരുന്നു. പുരാതനവും പ്രശസ്തവുമായ തലശ്ശേരിയിലെ മാളിയേക്കല്‍ തറവാട്ടിലെ മറിയുമ്മ മായനാലി വാര്‍ധക്യത്തിലും ഇംഗീഷ് പഠനത്തിന്റെയും തലശ്ശേരിയുടെ രുചി വരുംതലമുറക്ക് പകരുന്നതിന്റെയും തിരക്കിലായിരുന്നു. തലശ്ശേരിയില്‍ ഇംഗ്ലീഷ് പഠനം പൂര്‍ത്തിയാക്കിയ ആദ്യ മുസ്‍ലിം സ്ത്രീകളിലൊരാളായിരുന്നു അവര്‍.
സമുദായത്തിന്റെയും ബന്ധുക്കളുടെയും എതിര്‍പ്പുകള്‍ അവഗണിച്ചാണ് അവര്‍ തലശ്ശേരി കോണ്‍വെന്‍റില്‍നിന്ന് ഇംഗ്ലീഷ് പഠനം ആരംഭിക്കുന്നത്. 1943ല്‍ ഫിഫ്ത്ത് ഫോറം പാസായ മറിയുമ്മക്ക് പക്ഷേ, ബ്രിട്ടീഷ് സര്‍ക്കാറിന്റെ കീഴിലെ ഉദ്യോഗത്തേക്കാള്‍ ആഗ്രഹവും മധുരവും തോന്നിയത് തലശ്ശേരിയുടെ ഭക്ഷണ പെരുമയോടായിരുന്നു.
സഹനത്തിന്റെ കനല്‍വഴി താണ്ടിയാണ് അവര്‍ ഇംഗ്ലീഷ് അക്ഷരങ്ങളോട് കൂട്ടുകൂടിയത്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി സഹിച്ച ത്യാഗത്തിന് സമാനതകളില്ലായിരുന്നു. കോണ്‍വെന്‍റ് സ്കൂളിലേക്കുള്ള യാത്രക്കിടെ യാഥാസ്ഥിതികരുടെ പരിഹാസവും ശകാരവര്‍ഷവും കണ്ടും കേട്ട് കണ്ണീരൊഴുക്കിയിട്ടുണ്ടിവര്‍. ഫിഫ്‌ത്ത് ഫോറത്തില്‍ പഠിക്കുമ്ബോള്‍ 1943ലായിരുന്നു വിവാഹം. വിവാഹശേഷം ഉമ്മാമ്മ ബീഗം കുഞ്ഞാച്ചുമ്മ സ്ഥാപിച്ച മഹിള സമാജത്തിന്റെ പ്രവര്‍ത്തനത്തില്‍ മുഴുകി. സ്‌ത്രീകള്‍ക്കുവേണ്ടി തയ്യല്‍ ക്ലാസുകളും സാക്ഷരത ക്ലാസുകളും നടത്തി. കോഴിക്കോട് മാനാഞ്ചിറ മൈതാനിയിലെ മുസ്ലിം എജുക്കേഷനല്‍ സൊസൈറ്റി (എം.ഇ.എസ്) യോഗത്തില്‍ ഷെയ്‌ഖ് അബ്ദുല്ലയുടെ സാന്നിധ്യത്തില്‍ ഇംഗ്ലീഷില്‍ പ്രസംഗിച്ച് കൈയടി നേടിയതും ചരിത്രപ്രസിദ്ധം. തലശ്ശേരി കലാപകാലത്ത് നിരവധി കുടുംബങ്ങള്‍ക്ക് മാളിയേക്കലില്‍ അഭയം നല്‍കാന്‍ മുന്‍കൈയെടുത്തു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലയിലെ നിരവധി പേരുമായും അവര്‍ വ്യക്തിബന്ധം പുലര്‍ത്തിയിരുന്നു. ഇംഗ്ലീഷിലൂടെ, രുചികരമായ ഭക്ഷണത്തിലൂടെ, ആതിഥ്യ മര്യാദയിലൂടെ, സംസ്കാരത്തിലൂടെ.....അങ്ങനെ പലതിലൂടെ തലശ്ശേരിയുടെ പെരുമയോടൊപ്പം മറിയുമ്മയും വളരുകയായിരുന്നു.
إرسال تعليق