Join News @ Iritty Whats App Group

മൂക്കിന്‍റെ എല്ല് പൊട്ടിയതിന് ശസ്ത്രക്രിയ; പിന്നാലെ യുവതി മരിച്ചു; ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം


തിരുവനന്തപുരം: മൂക്കിന്റെ എല്ല് പൊട്ടിയതിന് ശസ്ത്രക്രിയ നടത്തിയതിന്‍റെ പിന്നാലെ നഴ്സിങ് കോളേജ് അധ്യാപികയായ യുവതി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവെന്ന് ആരോപണം. വിഴിഞ്ഞം സ്വദേശി വി ആർ രാഖി ശനിയാഴ്ചയാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ വീട്ടുകാർ ആരോഗ്യമന്ത്രിക്കും ഡിജിപിക്കും ഉൾപ്പടെ പരാതി നൽകി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കിടെ ആരോഗ്യനില വഷളായതോടെ ആശുപത്രി അധികൃതർ ഇടപെട്ട് മറ്റൊരു ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി. എന്നാൽ ശനിയാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. അമിത രക്തസ്രാവമാണ് മരണത്തിന് ഇടയാക്കിയതെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു.
ഇക്കഴിഞ്ഞ ജൂലൈ 19നാണ് തിരുവല്ലം ബൈപ്പാസിൽവെച്ച് രാഖിക്ക് അപകടത്തിൽ നിസാരമായി പരിക്കേറ്റത്. കാലിലെയും മൂക്കിലെയും ചെറിയൊരു പരിക്ക് ഒഴിച്ചാൽ മറ്റ് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. അപകടത്തെ തുടർന്ന് കിഴക്കേകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു ദിവസത്തോളം ഇവിടെ നിരീക്ഷണത്തിൽ കഴിഞ്ഞ രാഖിയ്ക്ക് മൂക്കിലെ എല്ലിന് ചെറിയൊരു പൊട്ടലുണ്ടെന്നും അരമണിക്കൂർ മാത്രമുള്ള ശസ്ത്രക്രിയ കൊണ്ട് പ്രശ്‌നം പരിഹരിക്കാമെന്നും ഡോക്ടർമാർ അറിയിച്ചു. ഇത് അനുസരിച്ച് ബന്ധുക്കളുടെ സമ്മതം വാങ്ങി അന്നു തന്നെ ശസ്ത്രക്രിയ നടത്തി.

എന്നാൽ ശസ്ത്രക്രിയയ്ക്കു ശേഷം ചികിത്സിച്ചിരുന്ന ആശുപത്രി അധികൃതർ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് രാഖിയെ മാറ്റുകയായിരുന്നു. ഇവിടെ പത്തു ദിവസത്തോളം യുവതി വെന്‍റിലേറ്ററിലായിരുന്നു. അതിനിടെ ബന്ധുക്കൾ ഇടപെട്ട് യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ സൂപ്പർ സ്‌പെഷ്യാലിറ്റിയിലേക്കു മാറ്റി. ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയോടെയാണ് രാഖി മരിച്ചത്. അമിത രക്തസ്രാവമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതരുടെ വിശദീകരണം.

Post a Comment

أحدث أقدم
Join Our Whats App Group