കോഴിക്കോട് ഗള്‍ഫില്‍ നിന്നെത്തിയ ഒരു യുവാവിനെ കൂടി കാണാനില്ലെന്ന് പരാതി. ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ കോഴിക്കോട് നാദാപുരം സ്വദേശി അനസിനെയാണ് കാണാതായത്. ജൂലൈ 20ന് കരിപ്പൂരില്‍ വിമാനമിറങ്ങിയ അനസ് വീട്ടിലേക്കെത്തിയില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ നാദാപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
അനസിനെ അന്വേഷിച്ച് മലപ്പുറം സ്വദേശി വീട്ടില്‍ വന്നിരുന്നെന്നും ബന്ധുക്കള്‍ പൊലീസില്‍ അറിയിച്ചു. യുവാവിന്റെ തിരോധാനത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്ന സംശയത്തിലാണ് പൊലീസ്. പേരാമ്പ്ര പന്തീരിക്കരയിലെ ഇര്‍ഷാദിന്റെ മരണത്തിന് പിന്നാലെയാണ് കൂടുതല്‍ പരാതികള്‍ ഉയര്‍ന്നുവരുന്നത്.
ഇന്നലെ രാത്രിയാണ് അനസിന്റെ മാതാവ് സുലൈഖ നാദാപുരം പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഖത്തറില്‍ നിന്നെത്തിയെന്ന് വിവരം ലഭിച്ച് മൂന്നാഴ്ചയായിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്നാണ് പരാതി നല്‍കുന്നത്. ജൂലൈ 21ന് അനസിനെ അന്വേഷിച്ച് മലപ്പുറം സ്വദേശിയെന്ന് പറഞ്ഞ് ഒരു സംഘം കാറില്‍ വന്നെന്നും ഇതിലൊരാള്‍ വീട്ടിലേക്ക് കയറി അനസിനെ അന്വേഷിച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു.
അനസ് കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയെന്നും എവിടെയാണെന്നും ഇയാളാണ് അന്വേഷിച്ചത്. സ്വര്‍ണക്കടത്ത് സംഘത്തെ ഭയന്ന് അനസ് ഒളിവിലാണോ എന്ന സംശയത്തിലായിരുന്നു കുടുംബം. രണ്ട് മാസം മുന്‍പാണ് അനസ് ഖത്തറിലേക്ക് പോയത്.
إرسال تعليق