തിരുവനന്തപുരം സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയാണ് വീടിന് നേരെ കല്ലേറുണ്ടായത്. ഒരു സംഘം ആളുകള്‍ വാഹനത്തിലെത്തി കല്ലുകള്‍ വലിച്ചെറിയുകയായിരുന്നു.
സംഭവ സമയത്ത് ആനാവൂര്‍ നാഗപ്പന്‍ വീട്ടിലുണ്ടായിരുന്നില്ല. കല്ലേറില്‍ വീടിന്റെ ചില്ലുകള്‍ തകര്‍ന്നു. കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനും കേടുപാടുകളുണ്ടായി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.
അതേസമയം സിപിഎം തിരുവനന്തപുരം ജില്ലാക്കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ മൂന്ന് എബിവിപി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ലാല്‍, സതീര്‍ഥ്യന്‍, ഹരിശങ്കര്‍ എന്നിവരാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിരിക്കവേയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ തമ്പാനീര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.
വഞ്ചിയൂരിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ആശുപത്രിയില്‍ നിന്ന് ഇറങ്ങി സിപിഎം ഓഫീസിന് നേരെ കല്ലെറിഞ്ഞു എന്നാണ് പൊലീസ് നിഗമനം. ഇന്നലെ പുലര്‍ച്ചെയാണ് സി പി എമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ കല്ലേറുണ്ടായത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു മേട്ടുക്കടയിലുള്ള ജില്ലാ കമ്മിറ്റി ഓഫീസിന് നേകെ ആക്രമണം നടന്നത്. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നു.
ആക്രമണത്തില്‍ ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറിയുടെ കാറിന് കേടുപാടുണ്ടായി. സംഭവത്തില്‍ മൂന്ന് പേരെ കൂടി ഇനി പിടികൂടാനുണ്ട്.
إرسال تعليق