ഇരിട്ടി: റോഡരികില്‍ നിര്‍ത്തിയിട്ട മൊബൈല്‍ കോണ്‍ക്രീറ്റ് മിക്സിംഗ് ട്രക്ക് ദുരൂഹ സാഹചര്യത്തില്‍ കത്തി നശിച്ചു.
നേരംപോക്ക്- എടക്കാനം റോഡില്‍ വള്ളിയാട് വയലിനോട് ചേര്‍ന്ന് കോട്ടക്കുന്ന് കോളനിക്ക് മുന്‍വശം നിര്‍ത്തിയിട്ട കോണ്‍ക്രീറ്റ് മിക്സിംഗ് ട്രക്കാണ് കത്തിനശിച്ചത്. ഇരിട്ടി മാടത്തില്‍ സ്വദേശി പി.പി. രജീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് കോണ്‍ക്രീറ്റ് മിക്സര്‍. ഇന്നലെ പുലര്‍ച്ചെ രണ്ടോടെ തീ ആളിക്കത്തുന്നത് ശ്രദ്ധയില്‍പെട്ട സമീപവാസികള്‍ ഇരിട്ടി അഗ്നിശമനസേനയെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്.പ്രദേശത്ത് രാത്രിയിലും ഇടയ്ക്കിടെ ശക്തമായ മഴ പെയ്തിരുന്നു. ഇതിനിടയിലും ഇത്തരം ഒരു വാഹനം കത്തിനശിച്ചതിന്റെ കാരണം ദുരൂഹമാണ്. ജനവാസമേഖലയും നിരന്തരം വാഹനങ്ങള്‍ കടന്നു പോകുന്ന റോഡുമാണിത്. വാഹനം നിര്‍ത്തിയിട്ട സ്ഥലത്തിന് ഇരുപത് മീറ്റര്‍ മാത്രം അകലത്തിലാണ് കോട്ടക്കുന്ന് ആദിവാസി കോളനിയിലെ വീടുകള്‍ സ്ഥിതിചെയ്യുന്നത്.
അതുകൊണ്ടുതന്നെ തീപിടിച്ച് ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചിരുന്നെങ്കില്‍ അതൊരു വലിയ അത്യാഹിതത്തിനും ഇടയാക്കുമായിരുന്നു. മേഖലയിലെ ചില റോഡുകളുടെ കോണ്‍ക്രീറ്റ് ജോലിക്കായി കൊണ്ടുവന്നതായിരുന്നു ട്രക്ക്. കത്തിനശിച്ച മൊബൈല്‍ കോണ്‍ക്രീറ്റ് മിക്സിംഗ് ട്രക്കിന് 36 ലക്ഷം രൂപ വിലവരും.
സംഭവത്തില്‍ ദുരൂഹത ആരോപിച്ച് രജീഷ് നല്കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post a Comment