കണ്ണൂര്‍: ജില്ലയുടെ മലയോര മേഖലയില്‍ കനത്ത മഴയെ തുടര്‍ന്ന് ജനജീവിതം ദുസ്സഹമായി. ഇന്നലെ ഉച്ചമുതല്‍ അതിശക്തമായ മഴയാണ് കണ്ണൂര്‍ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ അനുഭവപ്പെടുന്നത്.
പേരാവൂരിലെ മേലെ വെള്ളറ എസ് ടി കോളനിയില്‍ വീട് തകര്‍ന്ന് ഒരാളെ കാണാതായി. നെടുമ്ബ്രച്ചാലില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് സ്ത്രീകളെ ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി. ഇവിടെ ഒരു കുട്ടിയെ ഒഴുക്കില്‍പ്പെട്ട് കാണാതായിട്ടുണ്ട്. കുട്ടിക്കായി തെരച്ചില്‍ തുടരുകയാണ്.
കണ്ണൂര്‍ നെടുംപൊയില്‍ ടൗണില്‍ മലവെള്ളം ഒലിച്ചിറങ്ങി. കാഞ്ഞിരപ്പുഴയും നെല്ലാനിക്കല്‍ പുഴയും കരകവിഞ്ഞൊഴുകി. ഇതേ തുടര്‍ന്ന് ഇതിലൂടെയുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്സും പൊലീസും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. കാഞ്ഞിരപ്പുഴ കരകവിഞ്ഞ് പേരാവൂര്‍ തുണ്ടിയില്‍ ടൗണ്‍ വെള്ളത്തിനടിയിലായി. നിരവധി കടകളില്‍ വെള്ളം കയറിയിട്ടുണ്ട്. കണ്ണൂരില്‍ മലയോരത്ത് മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി എന്നാണ് വിവരം.
കണിച്ചാര്‍ പഞ്ചായത്താല്‍ ഏലപ്പീടികയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് നാല് വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. കേളകം പഞ്ചായത്തിലെ കണ്ടന്തോട് മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. നെടുംപൊയില്‍ കണ്ണവം വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടിയതിനെ തുടര്‍ന്ന് ചെക്യേരി കോളനിയിലെ നാല് കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയിലായി ഇവരെ പിന്നീട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മലയോരത്ത് രാത്രി വൈകിയും അതിശക്തമായി മഴ തുടരുകയാണ്. മലവെള്ളപ്പാച്ചില്‍ ഉണ്ടാവുന്നതിനാല്‍ ആരും പുഴയില്‍ മീന്‍ പിടിക്കാന്‍ പോകരുതെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. കൂത്തുപമ്ബ് – മാനന്തവാടി പാതയിലെ നെടുമ്ബൊയില്‍ ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ച നിലയിലാണ്.
إرسال تعليق