തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.ടി.ഐകളെ നൈപുണ്യ വികസന കേന്ദ്രങ്ങളാക്കി മാറ്റുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ധനുവച്ചപുരം ഗവൺമെന്റ് ഐ.ടി.ഐയെ അന്തർദേശീയ നിലവാരത്തിലുള്ള സംസ്ഥാനത്തെ ആദ്യ ഐ.ടി.ഐ ആക്കി ഉയർത്തുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 16 കോടി ചെലവിൽ നിർമിച്ച ഐ.ടി.ഐയിലെ പുതിയ ബ്ലോക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ വലിയ തോതിലുള്ള മാറ്റങ്ങളാണുണ്ടാകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇത് ഏവരും തിരിച്ചറിയുന്നുണ്ട്. ആറുവർഷം മുമ്പ് അഞ്ചു ലക്ഷം കുട്ടികൾ കൊഴിഞ്ഞുപോയ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഇന്നു 10 ലക്ഷം കൂടുതൽ കുട്ടികളാണു പുതുതായി വന്നുചേർന്നത്. 2016നു മുൻപു പൊതു വിദ്യാഭ്യാസമേഖലയെക്കുറിച്ച് വലിയ തോതിൽ ആശങ്കപ്പെട്ടിരുന്ന അവസ്ഥയിൽനിന്ന് ഇന്ന് ഒറ്റ ആളും ആ ആശങ്ക പ്രകടിപ്പിക്കാത്ത നിലയിലേക്കു പൊതുവിദ്യാഭ്യാസമേഖല മാറി. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെക്കുറിച്ച് പഠിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ എത്തുകയാണെണെന്നും മുഖ്യമന്ത്രി ചൂിക്കാട്ടി.
വിദ്യാഭ്യാസ മേഖലയിലെ വമ്പിച്ച മാറ്റം ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. പശ്ചാത്തല സൗകര്യ വികസനം മാത്രമല്ല അക്കാദമിക ഗുണനിലവാരം മെച്ചപ്പെടുത്താനും സർക്കാർ ശ്രമിക്കുകയാണ്. അക്കാദമിക നിലവാരം ഇനിയും വർധിപ്പിക്കണം. ഈ മാറ്റത്തിൻറെ ഭാഗമാണ് ഐ.ടി.ഐകളിലും സംഭവിക്കുന്നത്. സെന്റർ ഓഫ് എക്‌സലൻസ്, ഐ.എസ്.ഒ അംഗീകാരങ്ങൾ നേരത്തെ നേടിയിട്ടുള്ള ധനുവച്ചപുരം ഐ.ടി.ഐയുടെ മാസ്റ്റർ പ്ലാനിന് 65 കോടിയാണ് അനുവദിച്ചത്. ഇത്ര വലിയ തുക അനുവദിക്കുന്നത് മുൻപ് ആലോചിക്കാൻ പറ്റുമായിരുന്നില്ല. പക്ഷേ, മാറ്റം ആവശ്യമാണ്. മാറ്റം നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടിയാണ്. അവരുടെ ഭാവിയാണ് മാറ്റത്തിലൂടെ നാം കരുപ്പിടിപ്പിക്കുന്നത്. അതിന് വിദ്യാലയങ്ങളിൽ നിന്നാണ് തുടക്കം കുറിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ നാടിനെ കൂടുതൽ മികവോടെ വരും തലമുറയ്ക്ക് ഏൽപ്പിക്കലാണ് നമ്മുടെ ഉത്തരവാദിത്തം. ഇവിടത്തെ ഏതു കുഗ്രാമത്തിലുള്ള കുട്ടിക്കും ലോകോത്തര വിദ്യാഭ്യാസം നൽകാൻ കഴിയണം. അതു നാടിന്റെ ബാധ്യതയാണ്. സ്‌കൂളുകൾ, പോളിടെക്‌നിക്കുകൾ, ഐ.ടി.ഐകൾ, കോളജുകൾ, യൂണിവേഴ്‌സിററികൾ എന്നിവ അതിനനുസരിച്ച് കാലാനുസൃതമായി മാറേതുണ്ട്. ഇതാണ് വരുംതലമുറ ആഗ്രഹിക്കുന്നത്. ഇങ്ങനെയാണ് നവകേരളം യാഥാർഥ്യമാകുന്നത് - മുഖ്യമന്ത്രി പറഞ്ഞു.
തൊഴിൽദാതാക്കളെ ഐ.ടി.ഐകളുമായി നേരിട്ടു ബന്ധപ്പെടുത്തുന്ന രീതിയിൽ മാറ്റം ആവശ്യമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു. ആർട്ടിഫിഷൽ ഇന്റെലിജൻസ്, മെഷീൻ ലേണിംഗ് പോലുള്ള പുതിയ കോഴ്‌സുകൾ കൊണ്ടുവരാൻ കഴിയണം. വിദ്യാഭ്യാസ രംഗത്തെ അടിമുടി ഉടച്ചുവാർത്ത് ആധുനികവും കാലാനുസൃതവുമായ കോഴ്‌സുകൾ ഉൾക്കൊള്ളിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം ചൂിക്കാട്ടി.
إرسال تعليق