Join News @ Iritty Whats App Group

പ്ലസ് വണ്‍ പ്രവേശനം; ട്രയല്‍ അലോട്ട്‌മെന്റിന്റെ സമയപരിധി ഇന്നവസാനിക്കും


സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കാനും തിരുത്തലുകള്‍ വരുത്താനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് അഞ്ചുമണിവരെയാണ് അലോട്ട്‌മെന്റില്‍ തിരുത്തലുകള്‍ വരുത്താന്‍ സമയം അനുവദിച്ചിരിക്കുന്നത്.

ഇന്നലെ സമയപരിധി അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സമയം നീട്ടണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ട്രയല്‍ അലോട്ട്‌മെന്റിന്റെ സമയപരിധി ഒരു ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. വെള്ളിയാഴ്ച്ച രാവിലെയാണ് ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ വെബ്സൈറ്റിലെ തകരാര്‍ മൂലം വിദ്യാര്‍ത്ഥികള്‍ക്ക് അലോട്ട്‌മെന്റ് പരിശോധിക്കാന്‍ സാധിച്ചിരുന്നില്ല.

സൈറ്റിന്റെ നാല് സെര്‍വറുകളിലും ഒരേസമയം ഒരു ലക്ഷത്തില്‍ കൂടുതല്‍ പേര്‍ പ്രവേശിച്ചതിനാലാണ് തടസം നേരിട്ടതെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. തുടര്‍ന്ന് ഡാറ്റാ സെന്റര്‍, ഐ ടി മിഷന്‍, എന്‍ഐസി അധികൃതര്‍ എന്നിവര്‍ കൂടുതല്‍ സെര്‍വറുകള്‍ ഒരുക്കി പ്രശ്നം പരിഹരിക്കുകയായിരുന്നു.

ആഗസ്റ്റ് മൂന്നിനാണ് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നത്. ആഗസ്റ്റ് 22ന് ക്ലാസുകള്‍ ആരംഭിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ആദ്യ അലോട്ട്‌മെന്റില്‍ തന്നെ അധിക താല്‍ക്കാലിക ബാച്ചുകളിലേക്കും അധിക സീറ്റുകളിലേക്കുമുള്ള അലോട്ട്‌മെന്റ് നടത്തും.

Post a Comment

أحدث أقدم
Join Our Whats App Group