തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ ആരംഭിക്കും. ഏകജാലക പ്രവേശനത്തിന് ആകെയുള്ള 2,96,271 സീറ്റുകളില്‍ 2,95,118 സീറ്റുകളിലേക്കും മൂന്നാം ഘട്ടത്തോടെ അലോട്ട്‌മെന്റ് പൂര്‍ത്തിയായിട്ടുണ്ട്. മൂന്നാം അലോട്ട്മെന്റിൽ പ്രവേശനം നാളെ 5 മണിവരെ നീട്ടിയിട്ടുണ്ട്.
പ്ലസ് വൺ മെറിറ്റ് ക്വാട്ട മൂന്നാം അലോട്ട്മെന്റിന് മുമ്പായി മാനേജ്‌മെന്റ് - അൺ എയ്ഡഡ് ക്വാട്ടകളിൽ പ്രവേശനം നേടിയവരിൽ മൂന്നാം അലോട്ട്മെന്റ് ലഭിച്ചവർക്ക് മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടുന്നതിന് സൗകര്യം ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.
അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്മെന്‍റുകളിൽ പരിഗണിക്കില്ല. അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്‍റ് ലഭിക്കാത്തവർ സപ്ലിമെന്‍ററി അലോട്ട്മെന്‍റിൽ പരിഗണിക്കാൻ അപേക്ഷ പുതുക്കി നൽകണം.
സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുള്ള ഒഴിവുകളും വിജ്ഞാപനവും പിന്നീട് പ്രസിദ്ധീകരിക്കും. കമ്യൂണിറ്റി ക്വോട്ട സീറ്റുകളിൽ പ്രവേശനത്തിന് ഈ മാസം 31 വരെ സമയം നൽകിയതിനാൽ ഇതിനുശേഷമായിരിക്കും സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുള്ള നടപടികൾ തുടങ്ങുക.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്‌കൂളുകളില്‍ ഓണപ്പരീക്ഷ ( ഒന്നാം പാദവാര്‍ഷിക പരീക്ഷകള്‍) ഇന്ന് ആരംഭിക്കും. യുപി, ഹൈസ്‌കൂള്‍, സ്‌പെഷല്‍ സ്‌കൂള്‍, ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പരീക്ഷകളാണ് ഇന്ന് ആരംഭിക്കുന്നത്.
എല്‍പി സ്‌കൂള്‍ പരീക്ഷകള്‍ 28 മുതലാണ് നടക്കുക. കൂളിങ് ഓഫ് സമയം ഉള്‍പ്പെടുത്തിയാണ് പരീക്ഷാ ടൈംടേബിള്‍ തയ്യാറാക്കിയിട്ടുള്ളത്. സെപ്റ്റംബര്‍ ഒന്നിനാണ് പരീക്ഷകള്‍ അവസാനിക്കുന്നത്.
രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്‌കൂളുകളില്‍ ഓണപ്പരീക്ഷ നടക്കുന്നത്. സെപ്റ്റംബര്‍ രണ്ടിന് ഓണാഘോഷത്തോടെ സ്‌കൂളുകള്‍ അടയ്ക്കും. ഏതെങ്കിലും പരീക്ഷാദിവസങ്ങളില്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചാല്‍ അന്നത്തെ പരീക്ഷ സെപ്റ്റംബര്‍ രണ്ടിന് നടത്തും
إرسال تعليق