കണ്ണൂർ: നഗരസഭ രൂപീകരിച്ചതു മുതല്‍ എല്‍ഡിഎഫിനൊപ്പം ഒപ്പം നിന്നിട്ടുള്ള, ഇടതു ശക്തി കേന്ദ്രമായി അറിയപ്പെടുന്ന മട്ടന്നൂരില്‍ ഇക്കുറി സീറ്റ് ഇരട്ടിയാക്കാന്‍ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് യുഡിഎഫ്. മറുവശത്ത് തുടർച്ചയായി ആറാം തവണയും ഭരണം പിടിച്ചെങ്കിലും 7 സീറ്റുകൾ കുറഞ്ഞത് പരിശോധിക്കാനാണ് എൽഡിഎഫ് ക്യാംപ് ഒരുങ്ങുന്നത്. ബിജെപിയാകട്ടെ ടൗൺ വാർഡ് 12 വോട്ടുകൾക്ക് നഷ്ടമായതിന്റെ നിരാശയിലുമാണ്.
നഗരസഭയിലെ 35 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 21 സീറ്റുകള്‍ നേടി എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തിയപ്പോള്‍ 14 സീറ്റുകളിലാണ് യുഡിഎഫിന് വിജയം നേടാനായത്. മൊത്തം വാര്‍ഡുകളിലെ ഇരുമുന്നണികളുടേയും വോട്ട് വ്യത്യാസം കണക്കാക്കുമ്പോള്‍ നാലായിരത്തോളം വോട്ടുകളുടെ മുന്‍തൂക്കമാണ് എല്‍ഡിഎഫിനുള്ളത്. നാലു സീറ്റുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ ജയിച്ചത് 55ൽ താഴെ വോട്ടുകൾക്കാണ്. ഇവിടെ കുറിച്ച് ഫലം മറിച്ചായിരുന്നെങ്കിൽ യുഡിഎഫിന് ആദ്യമായി മട്ടന്നൂരിൽ ഭരണത്തിലെത്താമായിരുന്നു. മുണ്ടയോട്- 4, കോളാരി 33, നാലങ്കേരി- 45, കയനി- 53 എന്നിങ്ങനെ ഭൂരിപക്ഷത്തിലായിരുന്നു നാലുവാർഡിലെ എൽഡിഎഫ് വിജയം. യുഡിഎഫ് സ്ഥാനാർഥി ജയിച്ച ടൗൺ വാർഡിലാകട്ടെ ബിജെപി തോറ്റത് 12 വോട്ടുകൾക്കാണ്.
إرسال تعليق