കണ്ണൂര്‍: കണ്ണൂർ കണിച്ചാറിൽ മൂന്ന് പേർ മരിച്ച ഉരുൾപൊട്ടൽ ദുരന്തത്തിന് ആക്കം കൂട്ടിയത് കാരണംനെടുംപൊയിൽ ചുരത്തിലെ അതീവ പരിസ്ഥിതി ദുർബ്ബല പ്രദേശത്ത് പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറികൾ. കനത്ത മഴയിൽ ഈ ക്വാറികളുടെ താഴ്ഭാഗങ്ങളിൽ ഉരുൾപൊട്ടി പാറക്കൂട്ടം ജനവാസ കേന്ദ്രങ്ങളിലേക്ക് പതിക്കുകയായിരുന്നു. ദുരന്തമുണ്ടായ ദിവസവും ക്വാറികളിൽ സ്ഫോടനം നടന്ന് ഇരിട്ടി തഹസിൽദാർ സിവി പ്രകാശൻ സ്ഥിരീകരിച്ചു. കനത്ത മഴയുണ്ടായിട്ടും 24ആം മൈലിലിലെ ന്യൂ ഭാരത് ക്വാറിയിലെ ജോലി നിർത്തിവച്ചില്ലെന്നാണ് കണ്ടെത്തല്‍. രണ്ട് ക്വാറികൾക്ക് തൊട്ടടുത്താണ് ഉരുൾ പൊട്ടലുണ്ടായത്. ക്വാറിക്ക് ഉള്ളിലും ഉരുൾപൊട്ടൽ അവശിഷ്ടങ്ങൾ ഒലിച്ചിറങ്ങി. ശ്രീലക്ഷ്മി ക്വാറിയിൽ ജല ബോംബ് കണക്കെയാണ് വെള്ളമുള്ളത്. ഈ ദ്യശ്യങ്ങൾ പകർത്താനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ ക്വാറിയിലെ കാവൽക്കാർ തടഞ്ഞു.
ഇന്ന് കണിച്ചാർ, കേളകം പേരാവൂർ പഞ്ചായത്തുകളിലെ കുടുംബങ്ങളുടെ ഉറക്കം കെടുത്തുന്നത് പശ്ചിമഘട്ടം തുരന്ന് തിന്നുന്ന ചെറുതും വലുതുമായ കരിങ്കൽ ക്വാറികളാണ്. വയനാട്ടിലേക്കുള്ള നെടുമ്പോയിൽ ചുരത്തിൽ നിന്ന് കാണാം 24 ആം മൈലിലെ ന്യൂഭാരത് ക്വാറി. തൊട്ടുമുകളിൽ 28 ആം മൈലിൽ ജിയോ സാന്റ് ഉടമയുടെ ശ്രീലക്ഷ്മി ക്രഷർ. ഏഴ് നില കെട്ടിടത്തിന്റെ നീളത്തിൽ മലതുരന്ന ഇവിടെ അത്രയും ആഴത്തിൽ ജലബോംബ് കണക്കെ വെള്ളം കെട്ടിക്കിടക്കുന്നു എന്നറിഞ്ഞാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം ക്വാറിയിലേക്ക് എത്തിയത്. പുറത്ത് നിന്ന് പൂട്ടിയിട്ട് ക്രഷറിന്‍റെ അകത്ത് ജോലി തകൃതിയായി നടക്കുകയായിരുന്നു. ദൃശ്യം പകർത്തുന്നതില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ ക്വാറി ഉടമ നിയോഗിച്ച കാവൽക്കാർ തടഞ്ഞു.
ഉരുൾപൊട്ടലില്‍ ക്വാറിയുടെ അകത്ത് പോലും മരങ്ങളും പാറക്കൂട്ടങ്ങളും പതിച്ചിരിക്കുന്നു. ഈ ക്വാറിക്ക് താഴെയാണ് പൂളക്കുറ്റിയിൽ ഉരുൾപൊട്ടി തിങ്കളാഴ്ച രാത്രി രണ്ടര വയസുകാരി നുമയും രാജനും ചന്ദ്രനും മരിച്ച് വെറും നിലത്ത് വിറങ്ങലിച്ച് കിടന്നത്. കനത്ത മഴയുള്ള അന്നും 24ആം മൈലിലെ കരിങ്കൽ ക്വാറിയിൽ മല തുരന്നിരുന്നു എന്ന് ഇരിട്ടി തഹസിൽദാറും സമ്മതിക്കുന്നു. ഇനിയും എത്ര മനുഷ്യ ജീവനുകൾ കുരുതി കൊടുത്താലാണ് ഒരു നിയന്ത്രണവുമില്ലാതെ മലതുരക്കുന്ന ഈ മരണക്കളി നിർത്തുക എന്ന ചോദ്യം മാത്രമാണ് ഇനി ബാക്കി.
إرسال تعليق