Join News @ Iritty Whats App Group

ആറളം ഫാമിലെ കാടുവെട്ടിത്തെളിക്കാൻ 20 പേർക്ക് യന്ത്രവും പരിശീലനവും



ഇരിട്ടി: ആറളം ഫാമിലെ കാട്ടാന ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി ഫാമിനകത്തെ കാടുവെട്ടിത്തെളിക്കാൻ ജില്ലാകലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഫാമിലെ 20 പേരെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനവും സ്വന്തമായി കാടുവെട്ടാനുള്ള യന്ത്രസാമഗ്രികളും നൽകും. പുരുഷൻമാർക്കാണ് പരിശീലനം നൽകുക. നേരത്തെ ഫാമിലെ എട്ടു വനിതകൾക്ക് പരിശീലനം നൽകിയിരുന്നു. ഇവരെയും പദ്ധതിയിൽ ഉൾപ്പെടുത്തും. 
മൂന്നുമാസം കൂടുംതോറും ഇവർ കാടുവെട്ടിത്തെളിക്കും. ശമ്പളം സർക്കാർ നൽകും. ഫാമിലെ കാടുവെട്ടിത്തെളിക്കൽ പ്രവൃത്തി നടക്കാത്ത സമയങ്ങളിൽ പരിശീലനം നേടിയവർക്ക് കൃഷിയടക്കമുള്ള മറ്റു ജോലികൾ കൂടി ചെയ്ത് ഉപജീവനം മാർഗം കണ്ടെത്താനാണ് യന്ത്ര സാമഗ്രികൾ സൗജന്യമായി നൽകുന്നത്. ഇതുമായി ബന്ധപ്പെട്ട 10 ദിവസത്തെ പരിശീലനം ആഗസ്റ്റ് 16മുതൽ ആറളം ഫാമിൽ തുടങ്ങും. 
കലക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം. പി. അനൂപ്, വ്യവസായിക പരിശീലന വകുപ്പ് ജോയിന്റ് ഡയരക്ടർ സി. രവികുമാർ, കൃഷിവകുപ്പ് അസി.എക്‌സിക്യൂട്ടീവ് എൻജിനിയർ സുധീർ നാരായണൻ, പടിയൂർ ഗവ. ഐടിഐ പ്രിൻസിപ്പൽ പി. പി. പവനൻ, കുറുമാത്തൂർ ഗവ. ഐടിഐ ഗ്രൂപ്പ് ഇൻസ്ട്രക്ടർ നാരായണൻ കുഞ്ഞിക്കണ്ണോത്ത്, ഐടിഡിപി പ്രൊജക്ട് ഓഫീസർ എസ്. സന്തോഷ് കുമാർ, ജില്ലാ സ്‌കിൽ കോഓർഡിനേറ്റർ പി. ജെ. വിജേഷ്, സൂരജ് സൈമൺ എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group