Join News @ Iritty Whats App Group

ഉരുള്‍പൊട്ടലില്‍ 175 കോടിയുടെ നാശ നഷ്ടം;മരിച്ച മൂന്നുപേരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കിയതായി മന്ത്രി എം.വി ഗോവിന്ദന്‍

 

പേരാവൂര്‍: കണ്ണൂര്‍ ജില്ലയിലെ കണിച്ചാര്‍ പൂളക്കുറ്റിയിലെ ഉരുള്‍പൊട്ടലില്‍ മരിച്ച മൂന്നുപേരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കിയതായി മന്ത്രി എം.വി ഗോവിന്ദന്‍ അറിയിച്ചു.
മരിച്ച താഴെ വെള്ളറ കോളനിയിലെ അരുവിക്കല്‍ രാജേഷിന്റെ ഭാര്യ കല്യാണിക്കും മക്കള്‍ക്കും മന്ത്രി പൂളക്കുറ്റി സെന്റ് മേരീസ് ചര്‍ച്ചിലെ ദുരിതാശ്വാസ ക്യാമ്ബിലെത്തി നാല് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. മറ്റ് രണ്ടുപേരുടെ കുടുംബങ്ങള്‍ക്ക് അക്കൗണ്ട് വഴിയാണ് തുക കൈമാറിയത്.
ഉരുള്‍പൊട്ടലുണ്ടായ കണിച്ചാര്‍ പഞ്ചായത്തിലെ പൂളക്കുറ്റി, കോളയാട് പഞ്ചായത്തിലെ ചെക്യേരി പ്രദേശങ്ങള്‍, ദുരിതാശ്വാസ ക്യാമ്ബുകള്‍ എന്നിവ സന്ദര്‍ശിച്ച ശേഷം നടന്ന അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഉരുള്‍പൊട്ടലില്‍ രണ്ട് പ്രദേശത്തുമായി 175 കോടിയുടെ നാശ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകളെന്ന് മന്ത്രി പറഞ്ഞു. വിശദമായ കണക്കെടുപ്പ് വിവിധ വകുപ്പുകള്‍ നടത്തിവരുന്നു. പ്രദേശങ്ങളുടെ പുനരുജ്ജീവനത്തിന് ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്യും.

ഉരുള്‍പൊട്ടലില്‍ അഞ്ച് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 75 വീടുകള്‍ക്ക് വലിയ നാശനഷ്ടം സംഭവിച്ചു. പൂര്‍ണമായും തകര്‍ന്ന വീടുകള്‍ക്ക് പാക്കേജ് നടപ്പിലാക്കും. ഭാഗികമായി തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ സഹായം നല്‍കും. ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നവര്‍ ഉള്‍പ്പെടെ കെടുതികള്‍ക്ക് ഇരയായവര്‍ക്ക് ഭക്ഷണവും മെഡിക്കല്‍ സൗകര്യവും എത്തിക്കാന്‍ എല്ലാ ഏര്‍പ്പാടുകളും ചെയ്തിട്ടുണ്ട്.
ഉരുള്‍പൊട്ടലില്‍ കൂറ്റന്‍ പാറക്കെട്ടുകള്‍ പതിച്ചും മണ്ണിടിഞ്ഞും തകര്‍ന്ന നിടുംപൊയില്‍ മാനന്തവാടി റോഡില്‍ ഗതാഗതം ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്. 28ാം മൈലില്‍ മൂന്ന് കിലോ മീറ്ററോളം റോഡാണ് തകര്‍ന്നത്.
പൂളക്കുറ്റി സെന്റ് മേരീസ് ചര്‍ച്ച്‌ പാരിഷ് ഹാളില്‍ നടന്ന യോഗത്തില്‍ എം.എല്‍.എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, അഡ്വ. സജീവ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, ജില്ലാ കളക്ടര്‍ എസ്.ചന്ദ്രശേഖര്‍, കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി, കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍, പൂളക്കുറ്റി സെന്റ് മേരീസ് ചര്‍ച്ച്‌ വികാരി ഡോ. മാര്‍ട്ടിന്‍ വരിക്കാനിക്കല്‍ എന്നിവര്‍ പങ്കെടുത്തു.

കണിച്ചാര്‍ പഞ്ചായത്തിലെ പൂളക്കുറ്റി, കോളയാട് പഞ്ചായത്തിലെ ചെക്യേരി പ്രദേശങ്ങള്‍ മന്ത്രി എം.വി ഗോവിന്ദനും സംഘവും സന്ദര്‍ശിച്ചു.

ജില്ലാ പഞ്ചായത്ത് രണ്ട് കോടി രൂപയുടെ പാക്കേജ് നടപ്പിലാക്കും

ഉരുള്‍പൊട്ടല്‍ നാശം വിതച്ച കണിച്ചാര്‍ പഞ്ചായത്തിലെ പൂളക്കുറ്റി, കോളയാട് പഞ്ചായത്തിലെ ചെക്യാട് പ്രദേശങ്ങള്‍ക്കായി ജില്ലാ പഞ്ചായത്ത് രണ്ട് കോടി രൂപയുടെ പാക്കേജ് നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അറിയിച്ചു. പൂളക്കുറ്റിയില്‍ നടന്ന അവലോകന യോഗത്തിലാണ് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഭീതിയിലായവര്‍ക്കായി ജില്ലാ പഞ്ചായത്ത് പ്രത്യേക കൗണ്‍സലിംഗ് സംവിധാനം ഏര്‍പ്പെടുത്തും.

Post a Comment

أحدث أقدم
Join Our Whats App Group