ആലപ്പുഴ: വാഹനപരിശോധനയുടെ പേരിൽ ഭാര്യയോട് എസ്ഐ മോശമായി പെരുമാറിയെന്ന് ഡിഐജിയുടെ പരാതി. പൊലീസ് ആസ്ഥാനത്തെ ഡിഐജി എംകെ വിനോദാണ് പരാതി നല്‍കിയിരിക്കുന്നത്. നോർത്ത് സ്റ്റേഷനിലെ എസ്ഐ മനോജിനെതിരെയാണ് പരാതി.
ഭാര്യ ഹസീന ഡിഐജിയുടെ രോഗബാധിതനായ മാതാവിന് മരുന്നു വാങ്ങാൻ പോയപ്പോഴാണ് സംഭവം. ഗുരുപുരം ജംഗ്ഷനിൽവെച്ച് വാഹനപരിശോധനയ്ക്കിടെ രേഖകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വാഹനത്തിൽ രേഖകൾ ഇല്ലായിരുന്നു. ഭർത്താവ് പൊലീസ് ആസ്ഥാനത്തെ ഡിഐജിയാണെന്നും അദ്ദേഹം വന്നിട്ട് രേഖകൾ സ്റ്റേഷനിൽ ഹാജരാക്കാമെന്നും ഹസീന എസ്ഐയോട് പറഞ്ഞു.
എന്നാല്‍ എസ്ഐ ഇത് ചെവിക്കൊണ്ടില്ല. ഹസീന തന്നെ നേരിട്ട് ഹാജരാക്കണമെന്ന് പറഞ്ഞ് എസ്ഐ തട്ടിക്കയറി എന്നും സ്ത്രീ എന്ന പരിഗണന പോലും നൽകാതെ മോശമായി പെരുമാറിയെന്നുമാണ് പരാതി. ഭർത്താവിന് സംസാരിക്കാൻ ഫോൺ നൽകാമെന്ന് പറഞ്ഞപ്പോള്‍ ആരോടും സംസാരിക്കാനില്ലെന്നയിരുന്നു എസ്ഐയുടെ മറുപടി.
ഇത്തരം ഉദ്യോഗസ്ഥർ ആരോടും ബഹുമാനമില്ലാതെ പെരുമാറുന്നത് വകുപ്പിനും സർക്കാരിനും അപമാനകരമാണ്. ഉദ്യോഗസ്ഥനെതിരെ മാതൃകപരാമായ നടപടിയെടുക്കണമെന്നും ഡിഐജി പരാതിയിൽ ആവശ്യപ്പെടുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിനായി സ്പെഷൽ ബ്രാഞ്ചിന് നിർദേശം നൽകിയതായി ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവ് അറിയിച്ചു.
إرسال تعليق