Join News @ Iritty Whats App Group

വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജന്‍ കുറ്റക്കാരനെന്ന് വ്യക്തമായി, അറസ്റ്റ് ചെയ്യണമെന്ന് ഹൈബി ഈഡന്‍

മുഖ്യമന്ത്രിക്ക് എതിരെ വിമാനത്തില്‍ പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് വിമാനയാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി ഹൈബി ഈഡന്‍ എം പി. വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ നടപടിയോട് കൂടി ഇ പി ജയരാജന്‍ കുറ്റക്കാരനാണെന്ന് വ്യക്തമായി എന്ന് അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ ശബരീനാഥനെതിരെ നടപടിയെടുത്താല്‍ ഇ.പി.ജയരാജനെ അറസ്റ്റ് ചെയ്യണമെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു. അതേസമയം എല്‍ഡിഎഫ് കണ്‍വീനറിന് എതിരെ പൊലീസ് കേസെടുത്തില്ലെങ്കിലും സത്യം പുറത്തുവന്നെന്ന് പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫര്‍സീന്‍ മജിദ് പ്രതികരിച്ചു.

അതേസമയം സംഭവത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനുമായ ശബരിനാഥിന് പൊലീസിന്റെ നോട്ടീസ്. നാളെ 11 മണിക്ക് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറാണ് നോട്ടീസ് നല്‍കിയത്. വിമാനത്തിലെ പ്രതിഷേധത്തിന് നിര്‍ദ്ദേശം നല്‍കിയത് ശബരീനാഥന്‍ ആണെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതേ തുടര്‍ന്നാണ് ചോദ്യം ചെയ്യുന്നതെന്നും പൊലീസ് അറിയിച്ചു.

ഇ പി ജയരാജന് മൂന്നാഴ്ച്ചത്തേക്കാണ് വിമാനയാത്രക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്‍ഡിഗോ വിമാനത്തിലാണ് യാത്രാ വിലക്ക്. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും രണ്ടാഴ്ചത്തേക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group