കഴിഞ്ഞ ദിവസം രാത്രി എകെജി സെന്ററിന് നേര്‍ക്കുണ്ടായ ആക്രമണത്തിൽ കോൺഗ്രസിന് പങ്കില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ആക്രമണം ഇ പി ജയരാജന്റെ ആസൂത്രണത്തില്‍ നടത്തിയ നാടകമാണെന്നും കെ സുധാകരന്‍ ആരോപിച്ചു. സിപിഎമ്മിന്റെ ക്രിമിനല്‍ സംഘമാണ് ആക്രമണം നടത്തിയത്. ഈ തിരക്കഥ ഇപി ജയരാജന്‍റെതാണ്. സിപിഎം പാര്‍ട്ടി ഓഫീസിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും പങ്കില്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി.
ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് കണ്ടതുപോലെയാണ് ഇ.പി ജയരാജന്‍ പറയുന്നത്. എകെജി സെന്ററിന് എല്ലായിടത്തും സിസിടിവി ക്യാമറകളുണ്ട്. ഈ ക്യാമറകളിലൊന്നും പെടാതെ ഒരാള്‍ ആക്രമണം നടത്തണമെങ്കില്‍, ആ എകെജി സെന്ററുമായി പരിചയമുള്ള ആള്‍ക്കേ സാധിക്കൂവെന്നും സുധാകരന്‍ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ സന്ദർശത്തിന്‍റെ പ്രാധാന്യം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു ആക്രമണം നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം എ കെ ജി സെന്ററിന് നേരെയുള്ള ആക്രമണത്തിൽ തികഞ്ഞ ദുരൂഹതയുണ്ടെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജനശ്രദ്ധ തിരിച്ചുവിടാൻ ശ്രമമെന്ന് സംശയമുണ്ട്. ശക്തമായ സുരക്ഷയുള്ള സ്ഥലത്ത് പൊലീസ് എന്ത് ചെയ്യുകയായിരുന്നു. ഈ സമയത്ത് കോൺഗ്രസ് ഇതിന് മുതിരുമെന്ന് ആരെങ്കിലും വിശ്വസിക്കുമോയെന്നും രേമശ് ചെന്നിത്തല ചോദിച്ചു.
إرسال تعليق