കണ്ണൂര്‍: മൊബൈല്‍ ഷോപ്പ് ഉടമയുടെ തന്ത്രപരമായ ഇടപെടലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടാവ് പിടിയിൽ.
മുസാഫര്‍പൂര്‍ സ്വദേശി രാകേഷ് കുമാറി (21) നെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കണ്ണൂരിലേക്ക് വരികയായിരുന്ന ഭോപ്പാല്‍ സ്വദേശിയുടെ ഫോണും പണമടങ്ങിയ ബാഗുമാണ് ഇയാള്‍ കവര്‍ന്നത്. പിന്നീട് പ്രതി ഫോണിന്റെ ലോക്ക് മാറ്റാന്‍ കണ്ണൂര്‍ താവക്കര ബസ്സ്റ്റാന്‍ഡിലെ ഫോണ്‍ സര്‍വീസ് സെന്ററില്‍ എത്തുകയായിരുന്നു. സംശയം തോന്നിയ കടയുടമ മാണിയൂരിലെ പി.കെ.ജാഫര്‍ ഫോണ്‍ വാങ്ങി വെക്കുകയും ഫോണിന്റെ ഉടമ ആരാണെന്നറിയാതെ ലോക്ക് തുറന്നു നല്കാന് കഴിയില്ലെന്ന് പറയുകയുമായിരുന്നു. ഫോണ്‍ തിരിച്ചു തരണമെന്ന് പറഞ്ഞ് പ്രതി ബഹളം വച്ചെങ്കിലും നല്‍കിയില്ല. തുടര്‍ന്ന് രേഖ ഹാജരാക്കാമെന്ന് പറഞ്ഞ് മുങ്ങി.
ഇതിനിടെ യഥാര്‍ഥ ഉടമസ്ഥനായ ഭോപ്പാല്‍ സ്വദേശിയെ ജാഫര്‍ കണ്ടെത്തുകയും കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ വച്ച് സിഐ ശ്രീജിത്ത് കൊടേരിയുടെ സാന്നിധ്യത്തില്‍ ഫോണ്‍ കൈമാറുകയും ചെയ്തു. പിന്നീട് വീണ്ടും ഫോണിനാവശ്യപ്പെട്ട് പ്രതി കടയിലെത്തിയപ്പോള്‍ ജാഫര്‍ പോലീസില്‍ അറിയിക്കുകയും പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
إرسال تعليق