കണ്ണൂര്‍ : പൊലീസ് സ്റ്റേഷനിലെ സിസിടിവി ഇല്ലാത്ത ഭാഗത്ത് കൊണ്ടുപോയാണ് തന്നെ മർദ്ദിച്ചതെന്ന്
തലശ്ശേരിയിൽ പൊലീസിന്റെ സദാചാര ആക്രമണത്തിനിരയായ പ്രത്യുഷ്. പൊലീസിനോട് തിരികെ ചോദ്യങ്ങൾ ചോദിച്ചതാണ് മര്‍ദ്ദനത്തിന് കാരണമെന്നും പ്രത്യുഷ് ആരോപിച്ചു. രാത്രിയിൽ ഇറങ്ങി നടക്കുന്നത് ചോദ്യം ചെയ്ത് പൊലീസ് അസഭ്യവർഷം നടത്തി. പ്രതികരിച്ച തന്നെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. സി സി ടി വി ഇല്ലാത്ത സ്ഥലത്ത് കൊണ്ടുപോയാണ് മര്‍ദ്ദിച്ചത്. പൊലീസിനെ താൻ മർദ്ദിച്ചു എന്ന ആരോപണം കള്ളമാണെന്നും തലശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രത്യുഷ് വിശദീകരിച്ചു.
അതേ സമയം, തലശ്ശേരി പൊലീസ് നടത്തിയ സദാചാര അതിക്രമത്തിന്‍റെ ഇരയായ പ്രത്യൂഷിന്‍റെ ഭാര്യ മേഘ പൊലീസിനെതിരെ പുതിയ ആരോപണവുമായി രംഗത്തെത്തി. ഭർത്താവിനെ കാണാൻ സബ് ജയിലിൽ ചെന്നപ്പോൾ പൊലീസുകാർ വീണ്ടും പരിഹസിച്ചുവെന്നാണ് ആരോപണം. ഒരു ഇന്റര്‍വ്യൂ കൂടി കൊടുത്തിട്ട് കാണാൻ വരൂ എന്നായിരുന്നു പൊലീസുകാരുടെ പ്രതികരണം. പൊലീസിന്റെ പെരുമാറ്റം അപമാനിക്കുന്ന രീതിയിലാണ്. ജാമ്യം കിട്ടിയതോടെ മാനസീക സംഘർഷം കുറഞ്ഞു. പ്രത്യുഷ് ഏഴ് പൊലീസുകാരെ മർദ്ദിച്ചുവെന്ന പൊലീസ് വാദം കളവാണെന്നും മേഘ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
إرسال تعليق