വിദേശയാത്രയുടെ വിവരം ഭാര്യയിൽ നിന്നും മറച്ചുവയ്ക്കാൻ പാസ്‌പോർട്ടിലെ പേജുകൾ കീറിക്കളഞ്ഞ യുവാവ് അറസ്റ്റിൽ. പാസ്‌പോർട്ടിൽ കൃത്രിമം കാട്ടിയെന്ന കുറ്റത്തിനാണ് യുവാവിനെ മുംബൈ പൊലീസ് പിടികൂടിയത്.
ഏറെ നാളായി സൗഹൃദത്തിലായിരുന്ന പെൺ സുഹൃത്തിനെ കാണാനായി 2019 ൽ നടത്തിയ വിദേശയാത്രയിലാണ് സംദർശി യാദവ് ഇപ്പോൾ വെട്ടിലായത്. വിവാഹത്തിന് മുമ്പായിരുന്നു സംദർശിയുടെ തായ്ലാൻഡ് സന്ദർശനം. സൗഹൃദം ഭാര്യയിൽ നിന്ന് മറച്ചുവെക്കാനായിരുന്നു പാസ്‌പോർട്ടിലെ യാത്ര വിവരങ്ങൾ കീറി കളഞ്ഞത്.
കഴിഞ്ഞ ദിവസം മാലദ്വീപിലേക്ക് പോകാനായി മുംബൈ വിമാനത്താവളത്തിൽ എത്തിയതോടെ പാസ്‌പോർട്ടിലെ ചില പേജുകൾ കീറിയിരിക്കുന്നത് ഇമിഗ്രേഷൻ വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. പിന്നാലെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഭാര്യയിൽ നിന്ന് മറച്ചുവെച്ച വിദേശയാത്ര പുറത്തറിയുന്നത്. സംദർശി കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി.
വഞ്ചനയ്ക്കും കള്ളയാധാരമുണ്ടാക്കിയതിനും ഐപിസി ചട്ടങ്ങൾ അനുസരിച്ച് കേസെടുത്ത സംദർശിയെ പിന്നീട് അന്ധേരി മെട്രോപ്പൊലിറ്റൻ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നൽകി. ജാമ്യ തുകയായി 25,000 രൂപ കെട്ടിവെച്ചു. പാസ്‌പോർട്ടിൽ കൃത്രിമത്വം വരുത്തുന്നത് കുറ്റകരമാണെന്ന് അറിയാതെയായിരുന്നു യുവാവിന്റെ നടപടി എന്ന് പൊലീസ് വ്യക്തമാക്കി.
إرسال تعليق