കണ്ണൂരിൽ സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ കനാലിൽ വീണു മരിച്ച യാത്രക്കാരനെതിരെ പോലീസ് കേസടുത്ത് സംഭവത്തിൽ ജനകീയ പ്രതിഷേധം ശക്തമായി. കാവുംചാൽ റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് മയ്യിൽ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കാവുംചാൽ കനാൽ റോഡിൽ മാർച്ച് 8നു സംഭവിച്ച അപകടത്തിൽ മരിച്ച സി.ഒ.ഭാസ്കരന് എതിരെയാണ് പോലീസ് കേസ് എടുത്തത്. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടായി എന്നാണ് കേസ്.
കോടതിയിൽ പിഴ അടക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞമാസം വീട്ടിൽ നോട്ടീസ് ലഭിച്ചിരുന്നു. എന്നാൽ കേസ് എടുത്തത് സാധാരണ നടപടി ക്രമം മാത്രമാണ് എന്നാണ് മയ്യിൽ പോലീസിന്റെ നിലപാട്.
കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സജ്മ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. കാവുംചാൽ റോഡ് സംരക്ഷസമിതി ചെയർമാൻ അഡ്വ. ഹരീഷ് കൊളച്ചേരി അധ്യക്ഷത വഹിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ സി എം പ്രസീത ടീച്ചർ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ എം ബാല സുബ്രഹ്മണ്യം എന്നിവർ സംസാരിച്ചു. കാവുചാൽ റോഡ് സംരക്ഷണ സമിതി ട്രഷറർ സുനീഷ് എം, ജോയിന്റ് കൺവീനർ എം.വി.ഷാജി തുടങ്ങി നിരവധി പേർ പ്രതിഷേധ ധർണയിൽ പങ്കെടുത്തു.
ഭാസ്കരന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതുവരെ ശക്തമായ പ്രതിഷേധവുമായി ജനങ്ങൾ മുന്നോട്ടു പോകുമെന്ന് എം സജ്മ ന്യൂസ് 18 നോട് പറഞ്ഞു. അപകടകരമായി വാഹനം ഓടിച്ചുവെന്ന പോലീസ് കേസ് മൂലം കുടുംബത്തിന് ഇൻഷ്യൂറൻസ് തുക ലഭിക്കാത്ത സാഹചര്യമാണെന്ന് സമരത്തിൽ പങ്കെടുത്ത ജന പ്രതിനിധികൾ ചുണ്ടിക്കാട്ടി.
إرسال تعليق