കണ്ണൂര്‍ : പേവിഷബാധക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു.
സൂക്ഷിച്ചാല്‍ പേവിഷബാധ പൂര്‍ണമായും ഒഴിവാക്കാം. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമായാല്‍ മരണം ഉറപ്പായ രോഗമായതിനാല്‍ തികഞ്ഞ സൂക്ഷ്മത പുലര്‍ത്തുകയും രോഗത്തെ പ്രതിരോധിക്കുകയുമാണ് വേണ്ടത്.മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗമാണിത്. വളര്‍ത്തുമൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇടപഴകുമ്ബോള്‍ അവയുടെ കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കടിയേറ്റാല്‍ ഈ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകിയ ശേഷം വൃത്തിയുള്ള പഞ്ഞിയോ തുണിയോ ഉപയോഗിച്ച് തുടക്കണം.
തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ തേടണം.
പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളില്‍ നിന്ന് കടിയോ പോറലോ ഏല്‍ക്കുകയോ ഇവയുമായി നേരിട്ട് സമ്ബര്‍ക്കത്തില്‍ വരികയോ ചെയ്താല്‍ നിര്‍ബന്ധമായും പേവിഷബാധക്കെതിരെയുള്ള കുത്തിവെപ്പായ ഇന്‍ട്രാ ഡെര്‍മല്‍ റാബീസ് വാക്സിന്‍ എടുക്കണം.
ജില്ലയില്‍ ഈ കുത്തിവെപ്പ് സാമൂഹിക ആരോഗ്യകേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി, ഗവ. മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ സൗജന്യമായി ലഭിക്കും.
കടിയേറ്റ മുറിവില്‍ നിന്നും രക്തം പൊടിയുന്നുണ്ടെങ്കില്‍ ആദ്യ ഡോസ് വാക്സിനോടൊപ്പം ആന്റി റാബീസ് സിറമായ ഇമ്മ്യുണോ ഗ്ലോബുലിന്‍ കൂടി എടുക്കണം. ഇത് മെഡിക്കല്‍ കോളേജ്, ജില്ലാശുപത്രി, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ലഭിക്കും. രോഗബാധ പ്രതിരോധിക്കാന്‍ കുട്ടികള്‍ക്ക് പ്രത്യേക ബോധവത്കരണം നല്‍കുന്നതിനൊപ്പം മൃഗങ്ങളുമായി ഇടപഴകുന്ന കുട്ടികളെ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം.
മൃഗങ്ങളില്‍ നിന്ന് കടിയോ പോറലോ ഏല്‍ക്കുമ്ബോഴാണ് ഉമിനീരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ചിലപ്പോള്‍ മാസങ്ങളോളം രോഗലക്ഷണം പ്രകടമാകില്ല. നായ, പൂച്ച എന്നിവയിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നതെങ്കിലും പന്നി, കുരങ്ങ്, അണ്ണാന്‍, കീരി, കുതിര, കഴുത, കുറുക്കന്‍, ചെന്നായ തുടങ്ങിയ മ്യഗങ്ങളിലൂടെയും മറ്റ് വന്യമൃഗങ്ങളിലൂടെയും രോഗബാധ ഉണ്ടാകാമെന്നും അറിയിച്ചു.
إرسال تعليق